രാജേഷ് എസ് വള്ളിക്കോട് (2024 june 24 FB )
എഴുത്തുകാർ അവരുടെ ഗൃഹാതുരത്വം മറ്റുള്ളവരിലേക്ക് പകരുമ്പോൾ പലപ്പോഴുമത് കുടം കമിഴ്ത്തി വെച്ചുള്ള ഒഴിക്കലാണ്.അതിനു തലമുറ വിടവിൻ്റെ ചിന്നിചിതറലുകളുണ്ട്. ചില്ലാട്ട കല്യാണം ഒരു കാലത്തിൻ്റെ ഗ്രാമാന്തരീഷത്തിന്റെ നേർചിത്രങ്ങളാണ്. ഇക്കാലത്ത് നിന്നുകൊണ്ട് മനസ്സിൽ ചിത്രീകരിക്കുവാൻ കഴിയാത്ത ജീവിതപരിസരത്തിൻ്റെ കഥയാണിത്.
ഈ തടസ്സങ്ങളെയൊ മറികടന്നാണ് നോവൽ നമുക അനുഭവപ്പെടുക. ചില്ലാട്ട കല്യാണത്തിന്റെ ഗ്രാമീണ അന്തരീക്ഷം നാല്, അഞ്ച് പതിറ്റാണ്ടുകൾക്കുമപ്പുറമുള്ളതാണ്. ആ തലമുറയിൽ ജീവിച്ചിരുന്നവർ വായിക്കുമ്പോൾ ഇതൊക്കെ ഞങ്ങളുടെ നാട്ടിലും നടന്ന കഥയാണല്ലോ എന്നും ഇതിലെ ചില സന്ദർഭങ്ങളി ഞാൻ പങ്കെടുത്തിരുന്നല്ലോ എന്ന ചിന്തയാണുണ്ടാവുക.ഇക്കാലത്തുനിന്ന് ഇതിനെ വായിക്കുവാൻ ശ്രമിക്കുന്നവർക്ക് തനിക്ക് മനസ്സിൽ സങ്കൽപ്പിക്കുവാൻ കഴിയാത്ത ഒരുകാലത്ത്, ഇന്നത്തെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണല്ലോ സംഭവിച്ചത് എന്ന വിസ്മയമാണ് ഉണ്ടാവുക.
മാമ്പറത്തടമെന്ന ഗ്രാമത്തിലെ അരനൂറ്റാണ്ടിനപ്പുറമുള്ള സാഹസിക ജീവിത കഥകൾ പുതിയ തലമുറയ്ക്ക് എന്താണ് നൽകുന്നതെ ചെറിയ ചിന്ത പങ്ക് വെയ്ക്കാം.
തങ്ങൾക്കില്ലാത്ത അനുഭവത്തിൻ്റെ ജീവിതപഥങ്ങളിലൂടെയുള്ള യാത്രയാണല്ലോ പലപ്പോഴും നോവലുകൾ കൈമാറുന്നത്. ചില്ലാട്ട കല്യാണത്തിലെ ഗ്രാമീണ ജീവിതം പ്രകൃതിയോട് അടുപ്പമുള്ളതാണ്. പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി ബോധത്തിന്റെയും പ്രാധാന്യം നോവൽ അനുഭവപ്പെടുത്തും.
സ്വയം പര്യാപ്തതതിയിലേക്ക് തോണി തുഴഞ്ഞ ചില്ലാട്ട കല്യാണത്തിലെ ഗ്രാമവാസികൾ തങ്ങളുടെ ജീവിതമൊരുക്കുന്നതിൻ്റെ കഥകൾ വായനക്കാർക്ക് ആത്മവിശ്വാസത്തിൻ്റെ കുടപിടിക്കും. സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീകൾ നടത്തുന്ന മുന്നേറ്റത്തിൻ്റെ ചെറുതല്ലാത്ത ചിത്രവും നോവലിലുണ്ട്.
ഇന്നത്തെ ജീവിതത്തിൻ്റെ സിലബസിൽ നിന്ന് അപ്രത്യക്ഷമാകുന്ന, സഹകരണത്തിൻ്റെ പ്രശ്നങ്ങൾ പങ്ക് വെയ്ക്കലിൻ്റെ സൗന്ദര്യം മാമ്പറത്തടത്തിൻ്റെ പൂർവകാലജീവിത സന്ദർഭങ്ങൾ നമുക്ക് നൽകും. പുരകെട്ടിമേയലിലും വീട്ടുമുറ്റത്തെ പന്തലിൽ ഒരുക്കുന്ന കല്യാണങ്ങളുടെ സംഘാടക സമിതിയായി ഗ്രാമമൊന്നാകെ മാറുന്നതിൻ്റെ
വിവരണങ്ങൾ ഇതിനുദാഹരണങ്ങളാണ്. അടുക്കളിലെ പലവ്യജ്ഞന പാത്രങ്ങൾ അക്ഷയ പാത്രങ്ങളായി മാറിയ അയൽബന്ധത്തിൻ്റെ സ്നേഹ സൗഹൃദങ്ങൾ ഇന്ന് ഷോപ്പിംഗ് മാളുകളിൽ അവസാനിക്കുന്നതും കണ്ടറിയാം
മാമ്പറത്തടത്തിലെ കർഷകരും തൊഴിലാളികളും തങ്ങളുടെ ഓരോ ദിവസവും ജീവിതം തള്ളി നീക്കാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻ്റെ ഗാഥകൾ നമുക്ക് ഇതിൽ വായിക്കാം
മാമ്പറത്തടത്തിലെ ഗ്രാമീണർ പാരമ്പര്യമായ പിൻതുടർന്ന ആചാരങ്ങളുടെയും സംസ്‌കാരത്തിൻ്റെയും പരാഗരേണുക്കളിൽ പുതിയ കണ്ടുപിടുത്തങ്ങൾ വരുത്തിയ മാറ്റങ്ങൾ നോവലിലെ മിന്നലാട്ടങ്ങളാണ്
അവരുടെ തനതായ മരുന്നുകളിൽ ചികിത്സാ രീതികളിൽ, കൃഷി രീതികളിൽ കാലം വരുത്തിയ മാറ്റം അതിലൂടെ വായനക്കാരനിലെത്തുന്നു.
ആ കാലഘട്ടത്തിലെ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഗ്രാമീണ ജീവിതങ്ങളുടെ കഥയാണിത്.
സന്തോഷവും സങ്കടങ്ങളും രതിയും കാൽപ്പനികതയുമൊക്കെ നോവലിന് വ്യത്യസ്തമായ വായനാനുഭവം നൽകുന്നു.
ചില്ലാട്ടകല്യാണം
ഡോ. ടി.പി കലാധരൻ
ചിന്തയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

No comments:
Post a Comment