പെരിങ്ങരയിലെ അജയകുമാർ സാർ നോവൽ വാങ്ങി. മാഷ് അത് വായിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ ഷെഫീനടീച്ചർ ചില്ലാട്ട കല്യാണം വായിക്കാൻ കൊണ്ടുപോയി. വായിച്ചു തീർന്നശേഷം വായനാനുഭവം സഹിതമാണ് തിരികെ കൊടുത്തത്. ആ കുറിപ്പ് വായിക്കാം.
"ചില്ലാട്ടക്കല്യാണം
ഒരു നാട്ടിൻപുറത്തിന്റെ ബാല്യകൗമാരങ്ങളും യൗവനവും വാർദ്ധക്യവും അതിസൂക്ഷ്മമായി വരച്ചിട്ട പുസ്തകം. പലപ്പോഴും ചുരുളഴിയാത്ത രഹസ്യം പോലെ സങ്കീർണമായ മനുഷ്യജീവിതം ലളിതമായ ഒരു അനുഭവമായി മാറുന്നു. പേരിലെന്ന പോലെ അപരിചിതത്വം തോന്നിയ ചില്ലാട്ടകല്യാണം ഒഴിച്ചാൽ കാലത്തിനനുസരിച്ചു മാറുന്ന ഗ്രാമജീവിതവും അനിവാര്യമായി തീരുന്ന ആചാരങ്ങളും ഗ്രാമീണതയുടെ മാത്രം മുഖമുദ്രയായ സഹോദര്യവും കൊടുക്കൽവാങ്ങലുകളും വയനാനുഭവം സുഖമുള്ളതാക്കുന്നു. ചില commercial സിനിമകളിൽ ഏച്ചുകെട്ടുന്ന അനാവശ്യരംഗങ്ങൾ പോലെ ആദ്യം തോന്നിപ്പിച്ചെങ്കിലും മനുഷ്യജീവിതമെന്ന യാഥാർഥ്യത്തിനോട് ചേർത്തുവായിക്കാൻ കഴിയുന്ന തരത്തിൽമാറുന്ന രതികാഴ്ചകൾ, പുരുഷ മേധാവിത്വത്തിന്റെ ഭാഗമായിരുന്നോ അയിത്തമെന്ന് ചിന്തിപ്പിച്ച ശങ്കരൻനായർ,തൊട്ടുകൂടായ്ക തന്റെ വീട്ടുപടിക്കൽ വീണുടയുന്നത് സാക്ഷ്യപ്പെടുത്തിയ കല്യാണിയുടെ വീട്ടുമുറ്റത്തെ മേൽമുണ്ട്, ശാസ്താവ് എന്ന ഐതിഹ്യത്തിനോട് ചേർത്തുകേട്ട കഥയെ ഓർമിപ്പിച്ച മണികണ്ഠനും ചെറൂട്ടിയും വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസവും പ്രതികരണശേഷിയും നേടുന്ന പുഷ്പയും കുടുംബജീവിതത്തിന്റെ ഊഷ്മളത കാണിച്ചുതന്ന കനകയും തോമയും…അങ്ങനെ ഓരോ കഥാപാത്രവും മനസ്സ് കീഴടക്കുന്നു. ഒരു കഥാപാത്രമെങ്കിലും സ്വന്തം ജീവിതവുമായി ചേർത്തുവെച്ചുവായിക്കുവാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ഇടയ്ക്ക് നിർത്തിയ വായന വീണ്ടും തുടരുമ്പോൾ ഒരു പിൻവായനയുടെ ആവശ്യമില്ലാതെ മനസ്സിലിടം നേടിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും.. ലളിതമായ വായനാനുഭവത്തിലൂടെ ഒരു തലമുറയുടെ ജീവിതചരിത്രം ഓര്മപ്പെടുത്തുന്നതിൽ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്.
ഷെഫീന.എസ്
HST Phy Science
ഗവ.എച്ച്.എസ്.എസ്, പെരിങ്ങര "

No comments:
Post a Comment