പൂക്കോട്ടുംപാടം.
ബോധി ബുക്സ് ഏർപ്പെടുത്തിയ മൂന്നാമത് സാഹിത്യ പുരസ്കാരം ശ്രീ .ടി .പി .കലാധരൻ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ചില്ലാട്ട കല്യാണം എന്ന നോവലിന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. മാർച്ചുമാസം 8-ാം തീയതി പൂക്കോട്ടുംപാടം കതിർ ഫാമിൽ വച്ചു അവാർഡു വിതരണം നടത്തുമെന്ന് അവാർഡുദാന കമ്മിറ്റി അറിയിച്ചു.
ഇരുപത്തയ്യായിരം രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബോധി ബുക്സ് പുരസ്കാരം .
ആദ്യ പുരസ്കാരം കവിയും ശില്പിയുമായ രാഘവൻ അത്തോളിക്കും രണ്ടാമത് പുരസ്കാരം മാതൃഭൂമി ആഴ്ചപ്പതിപ്പ്
പത്രാധിപരും പ്രശസ്ത നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനുമാണ് ലഭിച്ചത്.,
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനും പാo പുസ്തക അവലോകന കമ്മിറ്റി അംഗവുമായിരുന്ന ശ്രീ.ടി.പി.കലാധരൻ കാൽ നൂറ്റാണ്ടിലേറെയായി കേരള പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിവരുന്ന വിദ്യാഭ്യാസ വിചക്ഷണനാണ്. സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ സർവ്വശിക്ഷ കേരള സംസ്ഥാന കൺസൾട്ടൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പുസ്തകങ്ങൾക്കു പുറമേ ഒട്ടനവധി ബാലസാഹിത്യ കൃതികളുടേയും കർത്താവാണ്.
ശ്രീ.ടി.പി.കലാധരൻ്റെ പ്രഥമ നോവലാണ് ചില്ലാട്ട കല്യാണം.മലയാളനോവലുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന, വ്യത്യസ്തത പുലർത്തുന്ന ചില്ലാട്ട കല്യാണം ഭാവുകത്വപരമായി ആരെയും പിൻപറ്റുന്നില്ല.സ്ത്രീവിരുദ്ധതയുടേയും മനുഷ്യ വിരുദ്ധതയുടേയും കാണാപ്പുറങ്ങൾ പ്രാദേശിക ചരിത്രത്തിൻ്റെ മണ്ണടരുകൾ മാന്തി മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം പരിശോധിക്കുകയാണ് നോവലിസ്റ്റ്. പ്രാദേശിക വായ് മൊഴിവഴക്കങ്ങളുടെ തെളിമയാർന്ന ഒഴുക്കുള്ള ഭാഷ ഈ നോവലിൻ്റെ മറ്റൊരു സവിശേഷതയാണ്.
പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ താമസിക്കുന്ന ടി.പി.കലാധരൻ്റെ ഭാര്യ ടി. ചന്ദ്രലതയും മക്കൾ സ്വാതിയും സമതയുമാണ്.
...................................................................
വാർത്താ സമ്മേളനത്തിൽ സർവ്വ ശ്രീ: മണിലാൽ മുക്കൂട്ടുതറ, എൻ.എൻ.സുരേന്ദ്രൻ, പി.സജിൻ, സുശീലൻ നടുവത്ത് , സി.പി.സുബ്രഹ്മണ്യൻ, രാജേഷ് അമരമ്പലം, മുജീബ് റഹ്മാൻ കരുളായി എന്നിവർ പങ്കെടുത്തു.
കനകയുടെ ദത്തുപുത്രനായ ഭർത്താവാണ് തോമ എന്ന വാക്യത്തിലൂടെ ചില്ലാട്ട കല്ലാണം ഉയർത്തുന്ന വനിതാദിന വായനയുടെ തലങ്ങളിലൂടെ സജിൻ കടന്നു പോയി. കനകയും മാലതിയും ലളിതയും പുഷ്പയും സ്വന്തം പേര് നഷ്ടപ്പെട്ട ശങ്കരിയുമെല്ലാം കരുത്തിൻ്റെ വിരൽ ചൂണ്ടലാകുന്നത്, ചില്ലാട്ട കല്യാണവും പുഴക്കല്യാണവും മനുഷ്യക്കല്യാണവും ഓരോ ജീവിതത്തെയും തളിർപ്പിക്കുന്നത്, ദേശത്തിൻ്റെ ചരിത്രവും ദേശവാസികളുടെ ജീവിതപ്പകർച്ചകളും പതർച്ചകളും ഇഴചേരുന്നത് എല്ലാം അദ്ദേഹം അവതരിപ്പിച്ചു.
ഓരോരുത്തരും അവരവരുടെ ജീവിതം വായിക്കുന്നതിന് അധ്യായങ്ങൾ തുറന്നു വച്ച നോവലിന് ബോധി ബുക്സ് നൽകിയ അളവറ്റ അക്ഷര സ്നേഹമാണ് പുരസ്കാരം.
ക്ഷണം സ്വീകരിച്ചെത്തിയവർക്ക് ,എത്തണമെന്ന് ആഗ്രഹിച്ചവർക്ക്
എല്ലാവർക്കും
കനകയുടെയും തോമയുടെയും പുഷ്പയുടെയും മാമ്പാറത്തടത്തിൻ്റെയും പേരിൽ സ്നേഹം അറിയിക്കുന്നു


No comments:
Post a Comment