Wednesday, 19 March 2025

വിപരീതങ്ങളുടെ ആനന്ദദേശം

വി എസ് ബിന്ദു
"പാലം
പ്രാവിൻ്റെ ചിറകടി നെല്ലിൻ പൂക്കൾ
ജല നാളിയുടെ ശബ്ദം കടുകിൻ പൂക്കൾ
ആഹ്ളാദങ്ങളാരംഭിച്ചതവിടെയാണ്
ഇവയാണ് എല്ലാ സ്നേഹത്തിലേക്കുമുള്ള
പാലങ്ങൾ ......
അമ്മ പറഞ്ഞു. "
( നിർമൽ പ്രഭാ ബർദൊളൊയ് ... അസ്സമിയ )
വിവർത്തനം ... സച്ചിദാനന്ദൻ
നദീതട സംസ്കാരങ്ങളുടെ സവിശേഷ ജീവിതാനുഭവങ്ങളാണ് ലോകത്തെ പല തരത്തിൽ മാറ്റിത്തീർത്തത്.
ഭാഷയും തൊഴിലും ഭക്ഷണവും സഞ്ചാരവും ഭൗതികമായും പ്രണയവും വിരഹവും കാമവും അറിവും അമൂർത്തമായും അവിഷ്കരിക്കപ്പെട്ടു.

രോഗവും ദാരിദ്ര്യവും മരണവും കൂട്ടുയാത്രക്കാരെന്ന ബുദ്ധ വിചാരത്തിൻ്റെ ഉൾവഴക്കങ്ങളിൽ കാലത്തെ അളന്നു കുറിക്കുന്നവർ. മനുഷ്യപ്പരപ്പിൻ്റെ കോപതാപങ്ങൾക്കിടയിൽ പുഴകളും ആറുകളും തോടുകളും നീർച്ചാലുകളും പിറന്നു. മനുഷ്യരുടെ ആർത്തി നിറഞ്ഞ മനസ്സോളം ഭയക്കേണ്ട മറ്റൊന്നുമില്ലെന്നു ഒഴുകിയൊഴുകി ഒടുവിൽ തേഞ്ഞു തീരുവോളം അവ പറഞ്ഞു പോയി. പുഴയെഴുത്തിൽ നിന്ന് ഓർമ കൊണ്ടുണർത്തിയെടുക്കാൻ വന്നവരിൽ പുതിയവരും പഴയവരുമുണ്ടായി. അങ്ങനെയാണ് ടി.പി. കലാധാരൻ എഴുതിയ. ചില്ലാട്ടക്കല്യാണങ്ങൾ എന്ന നോവലിലെ
ആദ്യ വരി " നമ്മളിൽ ഓർമ വലയങ്ങൾ തീർക്കുന്ന മരങ്ങൾ കുറച്ചേ കാണൂ " എന്നാകുന്നത്.
പ്രപഞ്ചത്തിൻ്റെ സ്വപ്ന സഞ്ചയമാകുന്ന മരങ്ങളിൽ ദേശ കാല ചരിത്രങ്ങളുടെ മുദ്രകളുണ്ടാകും. കുറ്റിയറ്റു പോകുന്തോറും മുറ്റുന്ന ഓർമകളായി അവ മാറും . വെറും ഓർമകളുടെ കഴുകി ഉണക്കലല്ല .സമചിത്തതയോടെയുള്ള ജീവിത ലംഘനമാണത്. കരിഞ്ചുവപ്പിൻ്റെ രക്ത നിലത്ത് ആണ്ടുകൾ കൊണ്ട് എഴുതിയിടുന്ന ദേശചരിത്രത്തിലെ ഒന്നാം ജീവിത വായന അപ്പോൾ കടുത്ത രുചിയിൽ മനസ്സിനെ പൊള്ളിക്കും.
1960 കളിൽ കേരളത്തിലെ മലയോര ഗ്രാമങ്ങളിലെ പാവപ്പെട്ട മധുരമനുഷ്യർ മണ്ണിനോടും മൃഗങ്ങളോടും പ്രകൃതി വഴക്കുകളോടും തോൽക്കാതെ യുദ്ധം തുടർന്നതിന് രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിൻബലമുണ്ട്. കിടപ്പാടത്തിലും കൃഷിയിടത്തിലുമുള്ള അവകാശത്തെ കവരാൻ ഓരോ കാലത്തെയും പ്രതാപി വർഗങ്ങൾ സ്വീകരിക്കുന്ന അധാർമികമായ പിടിച്ചടക്കലും തൂത്തെറിയലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ജാതിപ്പോരുകളും പരദേശികളുടെ വരവും ഭൂസമരവും കൊണ്ട് കാലുറയ്ക്കാത്ത ജനതയുടെ സാംസ്കാരിക പ്പോരാട്ടമായിരുന്നു അവരുടെ അതിജീവനം. കിളച്ചും കറന്നും വിറ്റും പെറുക്കിയും കൊന്നും രക്ഷിച്ചും കലഹിച്ചുമുള്ള ജീവിതങ്ങൾ

ഭാഷയുടെ അതിസാധാരണമായ കടന്നു പോക്കിലൂടെ കലങ്ങി മറിയുന്ന
ഈ നാട്ടുശാസ്ത്രത്തിലെ ചില്ലയാട്ടം ഇപ്പോൾ നാം ശീലിച്ചു പോരുന്ന മലയാളനോവൽ വായനയിൽ ഒരു ഗതിമാറ്റം സംഭവിപ്പിച്ചിരിക്കുന്നു.. ഭാവുകത്വപരമായി ഈ രചന ആരെയും ഒന്നിനെയും പിൻപറ്റുന്നില്ല എന്നതും മനുഷ്യർക്ക് അന്യമായി ഒന്നുമില്ല എന്ന പ്രഖ്യാപനവും തന്നെയാണ് നോവലിനെ വേറിട്ടതാക്കുന്നത്. യുക്തിയും യുക്തിരാഹിത്യവും നൽകുന്ന സൗന്ദര്യബോധത്തെ മാനവികതയുടെ സാമൂഹിക അടിത്തറയിൽ നിന്നു കൊണ്ട് നോവൽ നിർവചിക്കുന്നു. സത്യാനന്തര കാലത്തിൻ്റെ സംവാദ പരിമിതികളെ അതു അപാരമ്പര്യത്തിൻ്റെ അവധാനതയോട് കൂട്ടിച്ചേർക്കുന്നു.
കണക്കാണെ ഇല്ലാതാക്കിയ കുന്നുകളെപ്പോലെ ഉടലിൽ കത്തി പായുമ്പോൾ ഉൻമാദമൊഴുക്കുന്ന വെട്ടു മരങ്ങളായി മനുഷ്യപ്പറ്റം. . അവരുടെ ആദിബോധത്തിലേ ആത്മാർഥതയുടെ സ്വച്ഛ നീലിമയുണ്ട്. ആൺകോയ്മയുടെ ചുടലി മുള്ളുകൾ കുത്തി പഴുത്തു വിങ്ങുന്ന പെൺ ജീവിതങ്ങൾ ചുട്ട മണ്ണിൻ്റെ നിറമെടുപ്പോടെ സ്വയം തിളപ്പിച്ച വേവു കലങ്ങളായി .അവർ രൂപീകരിച്ച സിദ്ധാന്തങ്ങളുടെ പ്രയോഗ മാതൃകകൾ അങ്ങനെ കൊച്ചാട്ടനും എളേതും മൂത്തതും ഇച്ചേയിയും അച്ചാച്ചനുമൊക്കെയായി നാടിൻ്റെ നാനാഭാഗത്തും ചരിത്ര സംഭവങ്ങളുടെ തൂണുറപ്പിച്ചു.
വേരുകളെയും ഇലപ്പൊടിച്ചിലുകളെയും ബന്ധിപ്പിക്കാനെന്ന പോലെ ജൻമം കൊണ്ട മറ്റൊരു ഭാഷയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ആത്മാന്വേഷണപരമായ ആഹ്ളാദങ്ങൾ നോവലിൽ നേരിടുന്നതിനൊപ്പം ഗ്രാമജീവിതങ്ങളെ പ്രശ്‌നവൽക്കരിക്കുന്നിടത്ത് ആധിയുടെ പാഠഭേദങ്ങളുമുണ്ട്. കനകയും ലളിതയും ശങ്കരിയും സരോജിനിയും കല്യാണിയും ദേവകിയും പുഷ്പയുമടങ്ങുന്ന പാറക്കരുത്തുള്ള പെണ്ണുങ്ങളെ അവരുടെ ചാവു നിലങ്ങളിൽ നിന്ന് പറിച്ചെടുത്ത് വിളയിച്ചെടുത്ത് നിറവറിയിക്കുന്ന എഴുത്ത്. മൂരിയവറാനിലൂടെ നിവർന്നു നിൽക്കുന്ന വർദ്ധിത സങ്കടങ്ങളുടെ നോവൽ ശരീരം. റേഡിയോയും പള്ളിക്കൂടവും ചേർന്ന വിവര സാങ്കേതിക വിപ്ലവം നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന മാറ്റത്തിൻ്റെ സാമൂഹികാനന്ദം. "പിള്ളാർക്കിഷ്ടമുള്ളതേ പള്ളിക്കൂടത്തിലുണ്ടാവു " എന്ന ഉറപ്പോടെ പണിതുയർത്തിയ അക്ഷരക്രമം. കഥയും കവിതയും നാടൻ ശീലുകളുമൊക്കെ ഇണക്കിച്ചേർത്തുള്ള രചനാരീതി വൃഥാലങ്കാര ഭയമില്ലാതെ മുന്നേറുന്നു. എഴുത്തുകാരൻ സൂചിപ്പിക്കുന്ന കൽപ്പിത വൃത്താന്തങ്ങൾക്കിടയിൽ ഇവയെല്ലാം ആധുനികതയുടെ ഇടപെടലിൽ വ്യത്യസ്തത പുലർത്തിയ പ്രാദേശിക ചരിത്ര ഭാവനയുടെ ബഹുലതയെ വഹിക്കുന്നു. നോവലിൻ്റെ ഏകാഗ്രത വർധിപ്പിക്കുന്നതിൽ ഈ പ്രക്രിയയ്ക്ക്

പ്രത്യേക സ്ഥാനമുണ്ട്. നിരോധിച്ചിട്ടും ഇല്ലാതാക്കാൻ കഴിയാത്ത ജാതി മതാന്ധതകളും സ്ത്രീ വിരുദ്ധതയും കൊളോണിയൽ ആത്മീയതയും ജന്മിത്തബോധവും എങ്ങനെയാണ് മനുഷ്യ വിരുദ്ധമാകുന്നതെന്നും നോവൽ പറയുന്നു. ലൈംഗികതയുടെ സ്വത്വ നഷ്ടം സംഭവിക്കുന്ന ഇടങ്ങളെയും ഉടൽ പാച്ചിലുകളേയും ഉൻമാദത്തിൻ്റെ ഉലച്ചിലുകളെയും ആഖ്യാനത്തിൽ ചുറ്റിത്തിരിയുന്ന കൊടുങ്കാറ്റ് കൊമ്പിൽ കോർത്തു ചുഴറ്റവേ ചുനയുള്ള ഭാഷ നാം കാണുകയാണ് . ചിലപ്പോൾ ഗ്രാമം വലിയ ഒരെലിക്കെണിയായി.
പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടതും വിദ്യകൊണ്ടു പ്രബുദ്ധരാകാൻ ശ്രമിച്ചവർ നേരിട്ട അതിക്രമങ്ങളും പറയുന്നതിനൊപ്പം റേഡിയോ, വാച്ച്, ടോർച്ച് എന്നിങ്ങനെ വെളിച്ചവും ശബ്ദവും കടന്നു വന്നപ്പോഴുണ്ടായ മാറ്റം വികാസവൃക്ഷത്തിൻ്റെ ശാഖോപശാഖകളായി പടർന്നു പന്തലിക്കുന്നു. രതിയുടെ പാലകൾ പൂക്കുന്ന നാട്ടുവഴികളിൽ കാമം വിങ്ങി വിയർക്കുന്നതിൻ്റെ കനൽച്ചൂട് .തോമയും സുശീലനും കുമാരനും ശങ്കരൻ നായരും സിദ്ധബാലനും സുമനുമുൾപ്പെടെ അനിയന്ത്രിതങ്ങളായ അനേകം ജീവകോശങ്ങൾ.
സ്ഥാനഭ്രംശം വന്നു പോയതോ തമോഗർത്തത്തിൽ പെട്ടു പോയതോ ആയ മനുഷ്യരുടെ സ്ഥിതിവിവരമല്ലാതെ അവർക്കായി ഒരുക്കുന്ന ഭൂമിയിൽ ഈ നോവൽ സൃഷ്ടിക്കുന്ന സംഗരത്തെ സർഗാത്മകതയുടെ ശൈലീ ഭേദമായി തിരിച്ചറിയണം. പഴയോലയും തളപ്പും പെട്രോമാക്സും പടർപ്പു വള്ളികളും മരിച്ചതിനു ശേഷവും ജീവിക്കുന്നവയുമുള്ള ദേശത്തെയാകെ മാറ്റത്തിൻ്റെ സംഘർഷങ്ങൾ വേവലാതിപ്പെടുത്തുകയും കീഴ്പ്പെടുത്തുകയും ചെയ്യുകയാണ്. ആഗോളീകരണത്തിൻ്റെ ശീതളച്ഛായയിലെ ആദ്യത്തെ ഇരകൾ ഓന്തു ശശിയോടൊപ്പം നാടുവിടുന്ന പെൺമക്കളാണ്. ശബരിമലയുടെ ഭൂപടത്തിൽ അടയാളപ്പെടുന്നവരും അമ്മത്തെങ്ങുകളായി കാവൽ നിൽക്കുന്നവരും ചേർന്ന് രൂപപ്പെടുത്തുന്ന പ്രാദേശികതയുടെ തൽ സ്വരൂപത്തിൽ കൊച്ചു കൊച്ചു
ജീവിതങ്ങൾ അട വച്ചു വിരിയുന്നതിൻ്റെ നിഴൽ നിലാവ് തളം കെട്ടുന്നു. കേൾവിയുടെ പ്രമാണങ്ങളും സാക്ഷ്യപ്പെടുന്നതിൻ്റെ യാദൃച്ഛികതയും ഏറ്റുമുട്ടുന്നതിൻ്റെ കനകമയമൃഗഭീതിയിൽ ഇരുട്ടത്തേക്കിറങി നടക്കുന്നവരെല്ലാം വെളിച്ചത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നവരായി മാറുന്നു. മനുഷ്യരെയും പ്രകൃതിയെയും അധീനപ്പെടുത്താൻ പുത്തൻ കെണികളൊരുക്കുന്ന ,അതിൽ പെട്ടു പോകുന്ന ആർക്കും നേരിടേണ്ടി വരുന്ന ഒരു സങ്കീർണ ലോകത്തെ നോവൽ വഹിക്കുന്നുണ്ട്. വ്യഥകളുടെ അന്ത: ക്ഷോഭമുണർത്തുന്ന അനുഭൂതി നിർണയമാണ് നോവലിൻ്റെ അടിസ്ഥാനം.
പഴയതും പുതിയതുമായ സ്വാതന്ത്ര്യത്തിൻ്റെയും ഏകാന്തതയുടെയും ആത്മഭാഷണം. "

( ചിത്രത്തിൽ കാണുന്നതാണ് ചില്ലാട്ട കല്യാണത്തിൻ്റെ ദേശം)

No comments:

Post a Comment