Wednesday, 19 March 2025

ആധുനികത അൽപ്പം പോലും കടന്നു വന്നിട്ടില്ലാത്ത ഒരു ഗ്രാമജീവിതത്തിലെ ബഹു വിശേഷങ്ങൾ,

  1. ഡയറ്റിലെ മുൻ അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ടി.പി.കലാധരൻ്റെ ചില്ലാട്ടക്കല്യാണം അദ്ദേഹത്തിൻ്റെ ആദ്യ നോവൽ.ആധുനികത അൽപ്പം പോലും കടന്നു വന്നിട്ടില്ലാത്ത ഒരു ടോർച്ചുപോലും ഇല്ലാത്ത ഒരു കാലത്തിലെ ഗ്രാമജീവിതത്തിലെ ബഹു വി ശേഷങ്ങൾ, മിത്തും യാഥാർഥ്യങ്ങളും കുത്തഴിഞ്ഞ് വ്യവസ്ഥാപിതമല്ലാത്ത ജീവിതങ്ങളും, കാമാസക്തികളും ഇഴപിരിഞ്ഞ് ഒരു കൊളാഷ് രൂപത്തിൽ പ്രതിപാദിക്കുന്ന നോവൽ. കനകയെന്ന കാമാസക്ത അവളുടെ ലൈംഗിക ചേഷ്ട കണ്ട ചെക്ക നോട് വലുതായാൽ നിനക്കുമെന്നു പറയുന്നവൾ നാട്ടിൽ കലം വിറ്റു നടക്കുന്ന പലപ്പോഴും പരിഹാസപാത്രമാകുന്നതോമയെ സ്വയം വരിക്കുന്നു.പിന്നെ തളിർത്തു വരുന്ന ജീവിതം.പണ്ടത്തെ വാഗ്ദാനം തേടി മുതിർന്ന പയ്യൻ അവളെ പിന്നെ കീഴടക്കുന്നുണ്ട്. ആ ആഘാതത്തിൽ സ്നേഹത്താൽ പൊതിഞ്ഞ വളെ തോമ മുക്തയാക്കുന്നുണ്ട്. നടന്നു വിൽപ്പന മാറി പൊട്ടാത്ത പാത്രക്കച്ചവടത്തോടൊപ്പം ഗ്രാമമാറ്റങ്ങളും.കനകയുടെ തോമ യുടെയും ജീവിതത്തോടൊടി, മാലതി, കണ്ണൻ, ചന്തു നാരായണൻ നായർ, ശാന്തി, ശങ്കരൻനായർ, ശങ്കരി കനകയുടെ മക്കൾ പുഷ്പ വല്ലി, സുശീലൻഅങ്ങനെ ഭിന്നസ്വഭാവികളായ നിരവധി, നിരവധി മനുഷ്യരും ജീവിതവും കടന്നു വരുന്നു.നിയതമായ ആചാരങ്ങളിൽ നിന്നും വേറിട്ട കുടുംബ ബന്ധങ്ങൾ, മിശ്രവിവാഹങ്ങൾ, ഊഞ്ഞാലാട്ടങ്ങളിൽ തളിർക്കുന്നവ.. ചില്ലാട്ടക്കല്യാണം എന്ന പേര് ഈ വഴിയിൽ... കുടുംബ ബന്ധങ്ങൾ ഒരു മാതിരി ചില്ലാട്ടമായി ആടിയും, പൊട്ടിവീണും അങ്ങനെ തുടരുന്നു.രാഷ്ട്രീയ, നവോത്ഥാന പശ്ചാത്തലത്തിൻ്റെ പരുവപ്പെടലും, തൊഴിലാളി വർഗ സംഘടനയും ഒക്കെ കടന്നു വരുന്നുണ്ട്. കനക തോമത്രഡിൽക്കിടന്നാടുന്ന ശിഥില ചിത്രങ്ങളായാണ് ആദ്യ വായനയിൽ തോന്നിയത്. രോഗബാധിതയായ കനകയുടെ ആത്മഹത്യ, തോമയുടെ പുനർവിവാഹം ശാന്തിയുമായി.. ശാന്തിയുടെ വരൻ സുരേശൻ്റെ തിരിച്ചുവരവ്, തോമ യുടെ മകൾ പുഷ്പയുടെ ദാമ്പത്യ ശൈഥില്യം (കാരണം ഭർതൃ കാമവെറി ) മാറിയും മറിഞ്ഞും വരുന്ന അനുഭവങ്ങളുടെ പ്രവാഹ സമ്പുടമാണ് നോവൽ എന്നു പറയാം.

    അവലോകനം ചെയ്തത് ഗോപകുമാർ.എം.കെ 

    പോസ്റ്റ് ചെയ്തത്10/06/2024

     


     പുസ്തകച്ചര്‍ച്ചയുടെ പോസ്ററര്‍

പുസ്തകത്തിൻ്റെ മണം ഓരോരുത്തർക്കും ഓരോ വിധം

 സുദിന്‍ ( 2024, ജൂലൈ 6 

 കിഴക്കോട്ട് മാഷെന്നും ടീച്ചറെന്നും പ്രയോഗമില്ല . അദ്ധ്യാപകരെ ലിംഗഭേദമില്ലാതെ സാറേ എന്ന് വിളിക്കും മുതിർന്നവരെ ചേട്ടാ എന്നും വിളിക്കും. ഇതേ രീതി ഞാൻ പിന്നെ കണ്ടത് ആലക്കോട് പോലെയുള്ള കുടിയേറ്റ ഗ്രാമങ്ങളിലാണ്. ഭൂമിക മാറുമ്പോഴും സംസ്കാരം മാറുന്നില്ല എന്ന വലിയ തിരിച്ചറിവാണ് കുടിയേറ്റ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ .

മാഷും സുഹൃത്തും ചേട്ടനും ഒക്കെയായ കലാധരൻ ചേട്ടൻ്റെ "ചില്ലാട്ട കല്യാണം" കയ്യിലെത്തിയിട്ട് കുറച്ച് കാലമായി .ഓരോ ദിവസവും വായിച്ചവരുടെ അനുഭവം കേട്ടു . എഴുതാൻ തുനിഞ്ഞപ്പോഴൊക്കെ വീണ്ടും പേജുകൾ മറിച്ചു. അങ്ങനെ പലവട്ടം വായിച്ചു. രണ്ട്, കാലങ്ങളിലായി ഞങ്ങൾ ഒരേ പോലെയനുഭവിച്ച പ്രകൃതിയും ചരിത്രവും വായനയുടെ ഒഴുക്ക് ഇടക്കിടെ തടസ്സപ്പെടുത്തി. ഓർമ്മയുടെ വൻമതിൽ വായനയെ വഴിതിരിച്ചു. പറങ്ങാത്തോട്ടങ്ങളിൽ കശുവണ്ടി പെറുക്കിയും പറങ്ങാപ്പഴം എന്ന് വിളിക്കുന്ന കശുമാങ്ങാ കടിച്ച് തിന്നും അലഞ്ഞ പെരുനാടൻ ബാല്യത്തിൽ നിന്ന് അതിഗൂഢമായ പെണ്ണൊഴുക്കും ജീവിത കാമനകളും അധികാര ബോദ്ധ്യങ്ങളും ചെറുത്തു നിൽപ്പുകളും ഇടകലർന്ന ഒരു സമൂഹത്തിലേക്കുള്ള മുതിരലാണ് ഈ നോവൽ. കനകയെയും തോമയേയും സുശീലനേയും പുഷ്പയേയുമൊക്കെ നമുക്ക് അടുത്തറിയാം. കമ്പിയിൽ തീർത്ത വളയവണ്ടികൾ ഓടിച്ച് അയലത്തെ വീട്ടിൽ പഞ്ചസാര കടം വാങ്ങാൻ പോയ കുട്ടിക്കാലങ്ങൾ നമ്മുടേത് തന്നെ.
ഈ നോവലിൻ്റെ ബൗദ്ധിക തലം പക്ഷേ ഓർമ്മകളുടേത് മാത്രമല്ല. അത് പ്രലോഭനങ്ങളുടെ പുഴ മലരിയിൽ നൂഴ്ന്നു പോവുന്ന ജീവിത കാമനകളുടേതാണ്. പുഴകൾ വറ്റുന്ന വേനൽക്കാലത്ത് കക്കാട്ടാറ്റിൽ ചെറിയ തണുപ്പിൽ ഒഴുകി വരുന്ന ചെറു പൂക്കൾ ഏത് മരത്തിൻ്റേതാണ് എന്ന് അറിയില്ലായിരുന്നു. ഇനിയിപ്പോൾ അത് അറിഞ്ഞിട്ടും കാര്യവുമില്ല.
ഇത് ചില്ലാട്ട കല്യാണത്തെ കുറിച്ചുള്ള നിരൂപണമല്ല. പുസ്തകത്തിൻ്റെ മണം ഓരോരുത്തർക്കും ഓരോ വിധമാണ് .ബാല്യത്തെ അടയാളപ്പെടുത്തുന്നതിലും ചരിത്രത്തിലേക്ക് ഒരു ദേശത്തിൻ്റെ അനുഭവങ്ങളെ സന്നിവേശിപ്പിക്കുന്നതിലും കഥാകൃത്ത് വിജയിച്ചിരിക്കുന്നു. മലയാള സാഹിത്യത്തിൽ ഒരു ദേശം കൂടി അടയാളപ്പെട്ടിരിക്കുന്നു.

 

ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണ് ഈ നോവൽ .

 

ഇന്ന് വായനാദിനം
ഈയിടെ വായിച്ചു തീർത്ത ശ്രീ ടി.പി. കലാധരൻ സാറിൻ്റെ ചില്ലാട്ട കല്യാണം എന്ന നോവലിനെക്കുറിച്ച് രണ്ടു വാക്ക്
ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണ് ഈ നോവൽ .ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പച്ചയായ കുറെ മനുഷ്യരുടെ കഥ
സന്തോഷവും സങ്കടങ്ങളും രതിയും കാൽപ്പനികതയുമൊക്കെ ഇഴപാകിയ പുത്തൻ വായനാനുഭവം .....
പറങ്കിമൂച്ചി ത്തോട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥ എന്നെ എൻ്റെ ബാല്യത്തിലേക്കു കൂട്ടി കൊണ്ടുപോയി
മഞ്ഞയും ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ചുണ്ടാച്ചികൾ നാലായി കീറി പഴച്ചാറ് നുണഞ്ഞിറക്കുന്ന സുഖം
വർഷാവർഷം പുരക്കെട്ടി മേയുന്ന പഴയോല
ഗൃഹാതുരത്വത്തിലേക്കു ഊളിയിടുന്ന കഥാസന്ദർഭങ്ങൾ വാങ്മയ ചിത്രങ്ങളായി
ഇപ്പോഴും മനസ്സിൽ
അതെ ചില്ലാട്ട കല്യാണം മനുഷ്യ സഞ്ചാരത്തിൻ്റെ അടയാളപ്പെടുത്തലുകളാണ്....
അക്കാദമിക രംഗത്ത് ഇന്നും വളരെ കൃത്യമായ നിലപാടുകൾ പറഞ്ഞുറപ്പിക്കുന്ന കലാധരൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
കഥാപാത്രങ്ങൾ എല്ലാവരും നമ്മുടെ ഇടയിൽത്തന്നെ
 
ചിത്രം
ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നും

 

മാമ്പാറത്തടത്തിന്റെ ഇതിഹാസം

 കെ പി രത്നാകരന്‍ (2024, ജൂൺ 2 )

"എന്റടുത്ത് ഇതുവരെ പെണ്ണുങ്ങളാരും ഇങ്ങനെ ചിരിച്ചിട്ടില്ലെന്നയാൾ...
നിറഞ്ഞ പെൺചിരി ഓസിന് കിട്ടില്ലെന്നും അതിനൊരു കലം വേണമെന്നും അവൾ..
പോദിച്ച കറിച്ചട്ടി എടുത്തോളാൻ അയാൾ...
ഇത് കൊട്ടി നോക്കുന്നതെങ്ങനെയെന്ന് അവൾ...
കാണുന്നതെല്ലാം കൊട്ടി നോക്കണമോ എന്നയാൾ...
വെറുതെ കിട്ടുന്നതാണെങ്കിലും പാഴെന്തിനെന്ന് അവൾ..."

*****************************
കേരളത്തിലെ അക്കാദമിക സമൂഹത്തിന് ചിരപരിചിതനായ കലാധരൻ മാഷിന്റെ സഹപ്രവർത്തകനായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. സഹപ്രവർത്തകൻ എന്ന് പറയുമ്പോൾ അദ്ദേഹം ആവിഷ്കരിച്ച നിരവധി വിദ്യാഭ്യാസ ഇടപെടലുകളുടെ ജില്ലാതല നടത്തിപ്പുകാരനായിരുന്നിട്ടുണ്ട് ഞാൻ എന്നതാണ് ശരിയായ വിവക്ഷ. ശക്തമായ യോജിപ്പും ശക്തമായ വിയോജിപ്പും ഞങ്ങളുടെ അക്കാദമിക നിലപാടുകളിലുണ്ട്. പരിപാടികളുടെ വിജയകരമായ നിർവഹണത്തെയോ വ്യക്തിപരമായ സൗഹൃദത്തെയോ അക്കാദമിക നിലപാടുകൾ തെല്ലും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഇതിപ്പോൾ ഓർമിക്കാൻ കാരണമെന്താണെന്നോ ? കലാധരൻ മാഷിന്റെ 'ചില്ലാട്ടക്കല്യാണം' എന്ന നോവൽ ഇതാ ഇപ്പോൾ വായിച്ചു തീർത്തു. മാധ്യമം ആഴ്ചപ്പതിപ്പിൽ പണ്ടെങ്ങോ ഒരു കവിത വായിച്ചതൊഴിച്ചാൽ, സാഹിത്യരചനാ രംഗത്ത് ഒട്ടും കേട്ടുപരിചയമില്ലാത്ത കലാധരൻ മാഷിന്റെ നോവൽ വാങ്ങി വായിച്ചത് വെറുമൊരു കൗതുകം കൊണ്ടാണ്.
*******"************

നേര് പറയട്ടേ..
കലാധരൻ മാഷും ചില്ലാട്ട കല്യാണവും അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു കളഞ്ഞു.സവിശേഷമായ ഉള്ളടക്കവൈവിധ്യവും അനുപമമായ അവതരണഭംഗിയും കൊണ്ട് ശ്രദ്ധേയമായ ഒരു രചനയാണ് ' ചില്ലാട്ട കല്യാണം'
ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാന വൈഭവം തന്നെയാണ് ഈ നോവലിന്റെ പ്രഥമ സവിശേഷത.
പാത്രക്കച്ചവടക്കാരനായ നായകനും ഉപഭോക്താവായ നായികയും തമ്മിൽ പൊടുന്നനെ കിളിർക്കുന്ന പ്രണയത്തെയോ ജീവിത പ്രവേശനത്തെയോ ആണ് ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് ഉദ്ധരിച്ച വരികൾ അടയാളപ്പെടുത്തുന്നത്. ഒരു കാവ്യനാടകത്തെ അനുസ്മരിപ്പിക്കുന്ന ഈ ഭാഷാ പ്രയോഗ ചാരുത കൃതിയിലുടനീളമുണ്ട്.
'മഴക്കാലത്തിലേക്ക് കുടനിവർത്തിയ വൃക്ഷത്തെപ്പോലെ മാറ്റങ്ങൾ തളിർത്തുകൊണ്ടിരുന്ന 'ഒരു നാടിന്റെ ഇതിഹാസമാണ് ഈ നോവലിന്റെ പ്രമേയം
മാമ്പാറത്തടമെന്ന ഗ്രാമത്തിന്റെ സമഗ്ര ജീവിത സാഗരത്തിൽ നിന്നും കുറെയേറെ വെളിച്ചപ്പൊട്ടുകൾ പരതിയെടുത്ത് പ്രകാശമാനമാക്കുകയാണ് ഈ നോവൽ ചെയ്യുന്നത്. ടോർച്ചും വാച്ചും കണ്ടെത്തിയിട്ടില്ലാത്തൊരു കാലത്തെയാണ് നോവൽ പ്രതിനിധീകരിക്കുന്നതെങ്കിലും സാവർവകാലിക ദർശനങ്ങളുടെ സാന്നിധ്യം പലയിടത്തുമുണ്ട്.
'എത്താക്കൊമ്പത്ത് ഉന്നം വെക്കുന്നതാണ് ഓരോ ജീവിതഘട്ടവും " 'അഭിമാനമായ അസാധാരണമായ ഉയർച്ച വിനയാവും' എന്നിങ്ങനെ കഥാസന്ദർഭങ്ങളുടെ പശ്ചാത്തലിലുള്ള ദാർശനിക വെളിപാടുകൾ ഈ കൃതിയെ തത്വജ്ഞാനസമ്പന്നമാക്കുന്നു. തുടരെ തുടരെ കലം പൊട്ടിച്ചിതറുന്നത് ചാത്തനേറുകൊണ്ടാവുമെന്ന പൊതുനിഗമനത്തെ " അറിവിന്റെ അപൂർണതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അതീതശക്തികൾ കാത്തുനിന്നു" എന്ന വാക്യത്തിലൂടെയാണ് നോവലിസ്റ്റ് പരിഭാഷപ്പെടുത്തുന്നത്.
വെളിച്ചത്തിന്റെ അതി നേർമയാണ് ഇരുളെന്നും വെളിച്ചമില്ലാത്തിടത്ത് ഇരുളില്ലെന്നുമുള്ളതുപോലെയുള്ള താർക്കിക സമസ്യകളും നോവലിൽ വേണ്ടുവോളമുണ്ട്.
******

ചില്ലാട്ട കല്യാണം സംശയരഹിതമായും ഒരു സോഷ്യോ പോളിറ്റിക്കൽ ഫിക്ഷനാണ്. സമൂഹത്തിലെ കോയ്മാധീശത്വത്തെ നോവൽ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്.
പണം കൈവന്നപ്പോൾ കുഞ്ഞിത്തള്ളയുടെ ലോകസഞ്ചാരം തടഞ്ഞ ആഭിജാത്യവും
സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ അനിയനോട് അരുതാത്തത് ചെയ്യുകയും ജാത്യാഭിമാനം സംരക്ഷിക്കാൻ നിരപരാധികളുടെ ഉപജീവനത്തിന് തീയിടുകയും ചെയ്യുന്ന സവർണ സ്വാർത്ഥതയും നീതിരാഹിത്യത്തിനെതിരെ നോവൽ ഉയർത്തുന്ന പ്രതിരോധ പോരാട്ടങ്ങളുടെ അടയാളമാണ്.
'മകരം കഴിയുമ്പോഴേക്കും പാളയോടും കയറിനോടും യാത്രപറയുന്ന കിണറുകളും
മുലപ്പാല് വറ്റിയിട്ടും ചപ്പിവലിക്കാൻ വരുന്ന കുഞ്ഞുങ്ങളെ പ്പോലെ വെള്ളമൂറ്റാൻ വരുന്ന ആളുകളും' പാരിസ്ഥിതിക വീണ്ടുവിചാരമില്ലായ്മയുടെ വർത്തമാന കാഴ്ചയാണ്.
വിവാഹം പോലുള്ള സദാചാരബന്ധിതമായ പരമ്പരാഗത സങ്കീർണതകളെ സരളമായ സ്വാഭാവികതയായി അവതരിപ്പിക്കുന്നത് ഈ നോവൽ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക രാഷ്ട്രീയത്തിന്റെ സൂചനയാണ്.
'നാളും പക്കവും നോക്കാതെ മാലേം താലീമിടാതെ പുടവ കൈമാറാതെ ഒന്നിച്ചുണ്ട് ഒരു പായിൽ കിടന്ന് നാട്ടാചാരം തെറ്റിച്ച് ആരംഭിക്കുന്ന ജിവിതങ്ങളാണ് ' കണ്ണന്റേയും മാലതിയുടേയും നാരായണൻ കുട്ടിയുടേയും സരളയുടേയും കനകയുടേതും തോമയുടേതും സുരയുടേയും ശാന്തിയുടേയും
'മനുഷ്യക്കല്യാണങ്ങൾ'
നീതിരഹിതമായ ഒരു സാമൂഹ്യാവസ്ഥയെ ജനാധിപത്യപരമായി തിരുത്തുന്ന
വനിതാ സമാജം സ്നേഹത്തിന്റേയും സഹകരണത്തിന്റേയും സാമൂഹിക രാഷ്ട്രീയമാണ് മുമ്പോട്ട് വെക്കുന്നത്.
***********
മിത്തുകളിലും പുരാവൃത്തങ്ങളിലുമാണ് മാമ്പാറത്തടത്തിന്റെ
ചരിത്ര ഹൃദയമിരിക്കുന്നത്.
മാമ്പാറത്തടം എന്ന പേരു തന്നെ ഒരു മിത്താണ്. സ്വർണപാത്രത്തിൽ ഭക്ഷണം വിളമ്പിയതിന് ഭൃത്യനെ വെട്ടിക്കൊന്ന വേലുക്കുട്ടി .. മൂകബാലൻ സിദ്ധി ബാലനായ കഥ-
വായുവിനെ കുപ്പിയിലാക്കിയ സോഡയെ കുറിച്ചും ടോർച്ചിനെ കുറിച്ചും വാച്ചിനെ കുറിച്ചുമൊക്കെയുള്ള
ദൈവികപരിവേഷമുള്ള കഥകൾ.
അങ്ങിനെ ഒട്ടേറെ പുരാവൃത്തങ്ങൾ കൊണ്ട് സമൃദ്ധമാണ് ചില്ലാട്ട കല്യാണം
*******
താൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന വിദ്യാഭ്യാസ ആശയങ്ങളെ നോവൽ കൊണ്ട് പുനരാവിഷ്കരിച്ചുറപ്പിക്കുന്നുണ്ട് കലാധരൻ മാഷ്.
പേടിപ്പിച്ചും അടിച്ചും ആരെയും വരുതിയിലാക്കാമെന്ന് കരുതിയ, കുട്ടികൾ അസംബന്ധമായി കരുതിയ ആശാനും തവളപിടുത്തത്തിന്റെ ഈർക്കിൽ സാങ്കേതിവിദ്യയും
സിനിമാ നോട്ടീസ് വായനയിലെ ഭാഷാപഠന സമീപനവും പ്രകാശന്റെ ഒറ്റച്ചാടൻ വണ്ടിയിൽ പ്രതിഫലിക്കുന്ന വിദ്യാഭ്യാസ ദർശനവും "പിള്ളാർക്കിഷ്ടമുള്ളതേ പള്ളിക്കൂടത്തിൽ ഉണ്ടാവൂ എന്ന് അതുങ്ങളോട് ആ സാറ് വന്ന് പറയട്ടെ എന്ന
കല്യാണിയുടെ ഉപദേശവും' ഈ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെ പുനരാവിഷ്കാരമാണ്.
ഗഹനമായ ഈ ഗൗരവവിചാരങ്ങൾക്കിടയിൽ 'ചില്ലാട്ടക്കല്യാണത്തെ' കൗതുകകരമാക്കുന്നത് ശുദ്ധഹാസ്യത്തിന്റെ പ്രകടമായ സാന്നിധ്യമാണ്.
ഭ്രമാത്മക ലോകസഞ്ചാരികളുടെ വഴി ചരട് കെട്ടി തടസ്സപ്പെടുത്തുന്ന കണിയാനും
ഭർത്താവിന്റെ സ്നേഹപൂർവമുള്ള കള്ള് നിവേദ്യം അനുഭവിച്ച് ഇച്ചേയി പറയുന്ന സീതാ രാവണ കഥയും .ഒരേ ബീഡി പങ്കിട്ട് വലിച്ച് വളരുന്ന ഗുരുശിഷ്യബന്ധവും കയ്യിലിരുപ്പ് കൊണ്ട് കസേരയിലൊതുങ്ങിയ ശങ്കരൻ നായരുടെ പ്രതാപിയായ പിതാവും
മഠത്തീച്ചേരുന്നത് ദൈവനിന്ദയാണെന്ന അവറാന്റെ നിരീക്ഷണവും ശുദ്ധമായ വി കെ എൻ ഹാസ്യത്തെയാണ് ഓർമപ്പെടുത്തുന്നത്.
അക്ഷരാർത്ഥത്തിൽ ഒരു നാടിന്റെ ജീവിതവൈചിത്ര്യങ്ങളുടെ ഒരു ഇതിഹാസമാണ് 'ചില്ലാട്ട കല്യാണം'

സാധാരണക്കാരായ മനുഷ്യരുടെ ജീവിതകഥകളും അനുഭവങ്ങളും

- പ്രേംജിത്ത്

 ചില്ലാട്ട കല്യാണം ശ്രീ. T Pകലാധരൻ മാഷിൻ്റെ അതിമനോഹരമായ നോവലാണ്...എന്നെപ്പോലെ 1960 കളിൽ ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതകഥകളും അനുഭവങ്ങളും നന്നായി എഴുതിച്ചേർത്ത ഒരു പുസ്തകം .....

നിരവധി സാധാരണക്കാരായ കഥാപാത്രങ്ങൾ ..... പേരുള്ളവരും ഇല്ലാത്തവരുമായ നിരവധി കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളുടെയും സ്വഭാവ ചിത്രീകരണങ്ങളുടെയും വെളിച്ചത്തിൽ ഗ്രാമത്തിൻ്റെ പതിറ്റാണ്ടുകളിലൂടെയുള്ള മാറ്റങ്ങളുടെ ചരിത്രം കുറിച്ചിട്ട മനോഹരമായ ആവിഷ്കാര രൂപം...
ഈ നോവലിലെ പല കഥാപാത്രങ്ങളും നാട്ടു ജീവിതത്തിൻ്റെ പഴയ കാല യാഥാർത്ഥ്യങ്ങളാണ്...

കിണറ്റിൻകരയിലെയും പുഴവക്കിലെയും കുളക്കരയിലെയും അന്തിക്കൂട്ടായ്മകളിലൂടെ പടരുന്ന പ്രാദേശിക സംഭവങ്ങൾ , കഥകൾ എല്ലാം ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.
മാറ്റേണ്ടതുണ്ട് എന്ന് ശക്തമായി ആഗ്രഹിക്കുന്ന പുലരേണ്ടതുണ്ട് എന്ന് കൊതിക്കുന്ന സാമൂഹ്യ തിന്മകളും നന്മകളും നിറഞ്ഞ നിരവധി ശക്തമായ കഥാമുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കൃതി ...
പച്ചയായ ആവിഷ്കാര രീതി കൊണ്ട് വായനക്കാരായ ചിലരെങ്കിലും ചിലപ്പോൾ നെറ്റിചുളിച്ചേയ്ക്കാം ..... " എന്നാലും മാഷിന് ഇങ്ങനെയൊക്കെ എഴുതാമോയെന്ന് "
ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളിലൂടെ ആത്മാർത്ഥതയോടെ സഞ്ചാരം തുടരാൻ ശ്രമിക്കുന്ന ഒരു കഥാകാരന് ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ല... എല്ലാം തുറന്ന് എഴുതേണ്ടി വരുമെന്ന സത്യം ഈ കൃതിയിലൂടെ വെളിവാക്കപ്പെടുന്നു...
അപ്രധാനമെന്ന് തോന്നുന്ന ചില കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ജീവിതങ്ങളുടെ ചിത്രീകരണം വായനക്കാരുടെ മനസ്സിനെ തീർച്ചയായും സ്പർശിക്കും...
സ്വയം ശബ്ദത്തെ പിൻവലിച്ച മൂക ബാലൻ അതിലൊരാളാണ്...
" ഇരുകാലിലും മന്തുള്ള ബാലൻ എപ്പോഴും ചിരിച്ചു. ഏതിനോടും ചിരിച്ചു. എല്ലാവരോടും ചിരിച്ചു. മൂന്ന് നാല് വീടുകളിൽ ചെന്ന് വെള്ളം കോരി പാത്രം നിറച്ച് കൊടുക്കും. അത് സ്വയം തീരുമാനിച്ചതാണ്. ഭക്ഷണത്തിന് ക്ഷണിക്കും വരെയാണ് കോരൽ ' ക്ഷണിക്കാൻ വൈകിയാൽ നിറഞ്ഞ പാത്രത്തിൽ വീണ്ടും ഒഴിച്ചു കൊണ്ടിരിക്കും 'പരാതിയോ പരിഭവമോ ഇല്ല "
ഈ ഭാഗം വായിക്കുമ്പോൾ മൂകബാലൻ നമുക്ക് മുന്നിൽ ജീവിച്ച്, മറന്നു പോയ യഥാർത്ഥ വ്യക്തിയോട് സാമ്യം തോന്നാം... അതാണ് ഈ നോവലിൻ്റെ മറ്റൊരു പ്രത്യേകത...
നോവലിൻ്റെ പല പേജുകളും ഞാൻ മടക്കി വച്ചിട്ടുണ്ട് ..... പുനർ വായനയ്ക്ക്... ആ പേജുകളിൽ നിറയുന്ന ജീവിത യഥാർത്ഥ്യങ്ങൾ എൻ്റെ കുട്ടിക്കാലത്തെയും പഠന കാലത്തെയും അനുഭവങ്ങളുമായി അത്രമേൽ ചേർന്ന് നിൽക്കുന്നു എന്നതാണ് കാരണം...
മാഷ് കഥ പറയുന്നത് വർത്തമാന കാലത്ത് നിന്നാണ്... ഭൂതകാലത്ത് നടന്ന കഥയുമായി മുന്നേറുമ്പോൾ പുതിയ കാലഘട്ടത്തിൻ്റെ പല അടയാളങ്ങളും ഈ നോവലിൽ കടന്നു കൂടുന്നുണ്ട്. അത് കഥാകാരൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടത് കൂടിയാണ്.
ഈ നോവലിലെ കഥാപാത്രമായ പുഷ്പയുടെ ടി ടി സി പഠന കാലഘട്ടത്തെ ചിത്രീകരണം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്...
ശ്രീ. കലാധരൻ മാഷിനെ അക്കാഡമിക സംവാദങ്ങളിൽ ഏറെ എതിർത്തിട്ടുള്ള ഒരാളാണ് ഞാൻ... പക്ഷേ അദ്ദേഹത്തിൻ്റെ എഴുത്തും കഠിനമായി പ്രയത്നിക്കാനുള്ള മനസ്സും സജീവമായ അക്കാഡമിക പ്രവർത്തനങ്ങളും എന്നിൽ ആദരവ് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം എഴുതിയ ബാലസാഹിത്യ കൃതികളും " ചൂണ്ടുവിരൽ " ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഫെയ്സ് ബുക്ക് പോസ്റ്റുകളും ഞാൻ വായിച്ചിട്ടുണ്ട്. അക്കാഡമിക മേഖലയിൽ നിന്ന് വേറിട്ട് ഒരു പുസ്തകം എഴുതുമ്പോൾ അത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയോടെയാണ് ഞാനീ പുസ്തകത്തെ സമീപിച്ചത്.
പഴയതു പോലെ വേഗത്തിൽ വായിക്കാൻ കഴിയുന്നില്ല എന്ന പരിമിതിയുണ്ട് . എങ്കിലും നിറഞ്ഞ മനസ്സോടെ ഈ പുസ്തകം വായിക്കാനും എൻ്റെ ജീവിതാനുഭവങ്ങളുമായി പൊരുത്തപ്പെടുത്തി വിലയിരുത്താനും കഴിഞ്ഞിട്ടുണ്ട്..
ഏറ്റവും അധികം കുത്തിത്തിരുപ്പുകളും പരസ്പര മത്സരങ്ങളും മാറ്റി നിർത്തലുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്ടിലെ സാംസ്കാരിക മേഖല. അത്തരം ക്ലിക്കുകളിൽ പെടാതിരുന്നാൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു നോവലായി മാറും " ചില്ലാട്ട കല്യാണം "
അധ്യാപകരിൽ കുറെയേറെപ്പേർ ഈ പുസ്തകം വായിച്ചു കഴിഞ്ഞിട്ടുണ്ട്...അതും ശ്രദ്ധേയമായ ഒരു കാര്യമാണ് ...
വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ നാടിൻ്റെ ചരിത്രം അനായാസമായി പറയുന്ന ഈ പുസ്തകം എഴുതിയ കഥാകാരന് അഭിനന്ദനങ്ങൾ .....

ബോധി ബുക്സ് സാഹിത്യ പുരസ്കാരം ചില്ലാട്ട കല്യാണത്തിന്.

പൂക്കോട്ടുംപാടം.
ബോധി ബുക്സ് ഏർപ്പെടുത്തിയ മൂന്നാമത് സാഹിത്യ പുരസ്കാരം ശ്രീ .ടി .പി .കലാധരൻ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ചില്ലാട്ട കല്യാണം എന്ന നോവലിന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. മാർച്ചുമാസം 8-ാം തീയതി പൂക്കോട്ടുംപാടം കതിർ ഫാമിൽ വച്ചു അവാർഡു വിതരണം നടത്തുമെന്ന് അവാർഡുദാന കമ്മിറ്റി അറിയിച്ചു.
ഇരുപത്തയ്യായിരം രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബോധി ബുക്സ് പുരസ്കാരം .

ആദ്യ പുരസ്കാരം കവിയും ശില്പിയുമായ രാഘവൻ അത്തോളിക്കും രണ്ടാമത് പുരസ്കാരം മാതൃഭൂമി ആഴ്ചപ്പതിപ്പ്
പത്രാധിപരും പ്രശസ്ത നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനുമാണ് ലഭിച്ചത്.,
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനും പാo പുസ്തക അവലോകന കമ്മിറ്റി അംഗവുമായിരുന്ന ശ്രീ.ടി.പി.കലാധരൻ കാൽ നൂറ്റാണ്ടിലേറെയായി കേരള പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിവരുന്ന വിദ്യാഭ്യാസ വിചക്ഷണനാണ്. സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ സർവ്വശിക്ഷ കേരള സംസ്ഥാന കൺസൾട്ടൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പുസ്തകങ്ങൾക്കു പുറമേ ഒട്ടനവധി ബാലസാഹിത്യ കൃതികളുടേയും കർത്താവാണ്‌.
ശ്രീ.ടി.പി.കലാധരൻ്റെ പ്രഥമ നോവലാണ് ചില്ലാട്ട കല്യാണം.മലയാളനോവലുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന, വ്യത്യസ്തത പുലർത്തുന്ന ചില്ലാട്ട കല്യാണം ഭാവുകത്വപരമായി ആരെയും പിൻപറ്റുന്നില്ല.സ്ത്രീവിരുദ്ധതയുടേയും മനുഷ്യ വിരുദ്ധതയുടേയും കാണാപ്പുറങ്ങൾ പ്രാദേശിക ചരിത്രത്തിൻ്റെ മണ്ണടരുകൾ മാന്തി മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം പരിശോധിക്കുകയാണ് നോവലിസ്റ്റ്. പ്രാദേശിക വായ് മൊഴിവഴക്കങ്ങളുടെ തെളിമയാർന്ന ഒഴുക്കുള്ള ഭാഷ ഈ നോവലിൻ്റെ മറ്റൊരു സവിശേഷതയാണ്.
പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ താമസിക്കുന്ന ടി.പി.കലാധരൻ്റെ ഭാര്യ ടി. ചന്ദ്രലതയും മക്കൾ സ്വാതിയും സമതയുമാണ്.
...................................................................
വാർത്താ സമ്മേളനത്തിൽ സർവ്വ ശ്രീ: മണിലാൽ മുക്കൂട്ടുതറ, എൻ.എൻ.സുരേന്ദ്രൻ, പി.സജിൻ, സുശീലൻ നടുവത്ത് , സി.പി.സുബ്രഹ്മണ്യൻ, രാജേഷ് അമരമ്പലം, മുജീബ് റഹ്മാൻ കരുളായി എന്നിവർ പങ്കെടുത്തു.
 
 

കനകയുടെ ദത്തുപുത്രനായ ഭർത്താവാണ് തോമ എന്ന വാക്യത്തിലൂടെ ചില്ലാട്ട കല്ലാണം ഉയർത്തുന്ന വനിതാദിന വായനയുടെ തലങ്ങളിലൂടെ സജിൻ കടന്നു പോയി. കനകയും മാലതിയും ലളിതയും പുഷ്പയും സ്വന്തം പേര് നഷ്ടപ്പെട്ട ശങ്കരിയുമെല്ലാം കരുത്തിൻ്റെ വിരൽ ചൂണ്ടലാകുന്നത്, ചില്ലാട്ട കല്യാണവും പുഴക്കല്യാണവും മനുഷ്യക്കല്യാണവും ഓരോ ജീവിതത്തെയും തളിർപ്പിക്കുന്നത്, ദേശത്തിൻ്റെ ചരിത്രവും ദേശവാസികളുടെ ജീവിതപ്പകർച്ചകളും പതർച്ചകളും ഇഴചേരുന്നത് എല്ലാം അദ്ദേഹം അവതരിപ്പിച്ചു.
ഓരോരുത്തരും അവരവരുടെ ജീവിതം വായിക്കുന്നതിന് അധ്യായങ്ങൾ തുറന്നു വച്ച നോവലിന് ബോധി ബുക്സ് നൽകിയ അളവറ്റ അക്ഷര സ്നേഹമാണ് പുരസ്കാരം.
ക്ഷണം സ്വീകരിച്ചെത്തിയവർക്ക് ,എത്തണമെന്ന് ആഗ്രഹിച്ചവർക്ക്
എല്ലാവർക്കും
കനകയുടെയും തോമയുടെയും പുഷ്പയുടെയും മാമ്പാറത്തടത്തിൻ്റെയും പേരിൽ സ്നേഹം അറിയിക്കുന്നു
 

ധാരണകളെ മൊത്തം പൊളിച്ചു

 


പ്രിയപ്പെട്ട കലാധരൻ സാറിന് അഭിനന്ദനങ്ങൾ..
ഞങ്ങള് പത്തനംതിട്ടയിലെ പരിഷത്തുകാരുടെ ചില സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് TPK.
അദ്ദേഹം എഴുതിയ പുസ്തകം ആയത് കൊണ്ടാണ് ചില്ലാട്ടകല്യാണം വാങ്ങി വായിച്ചത്.
ഒരു വിദ്യാഭ്യാസ വിചക്ഷണൻ നോവൽ എഴുതിയാൽ എങ്ങനെ ഇരിക്കും എന്ന് അറിയാമല്ലോ..
പക്ഷേ ആ വായന ടിപികെയെ പറ്റി മനസ്സിൽ പടുത്ത് വച്ചിരുന്ന ധാരണകളെ മൊത്തം പൊളിച്ചു പണിയുന്ന ഒന്നായി..
ഒരു കാലത്തെ നാട്ടു ജീവിതവും രാഷ്ട്രീയവും വികാരങ്ങളും വിചാരങ്ങളും എല്ലാം തനി ഗ്രാമ്യഭാഷയിൽ !
മികച്ച വായനാനുഭവം.
തീർത്തും അർഹതപ്പെട്ട അംഗീകാരം..
പക്ഷേ കണിശക്കാരനായ വിദ്യാഭ്യാസ പ്രവർത്തകൻ TPK യൂം ചില്ലാട്ടകല്യാണം എഴുതിയ കലാധരൻ സാറും തമ്മിലുള്ള സംഘർഷം വായനക്കാരൻ്റെ മനസ്സിൽ ഇനിയും ബാക്കി..

 

മനസ്സിലിടം നേടിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും

 പെരിങ്ങരയിലെ അജയകുമാർ സാർ നോവൽ വാങ്ങി. മാഷ് അത് വായിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ ഷെഫീനടീച്ചർ ചില്ലാട്ട കല്യാണം വായിക്കാൻ കൊണ്ടുപോയി. വായിച്ചു തീർന്നശേഷം വായനാനുഭവം സഹിതമാണ് തിരികെ കൊടുത്തത്. ആ കുറിപ്പ് വായിക്കാം.

"ചില്ലാട്ടക്കല്യാണം
ഒരു നാട്ടിൻപുറത്തിന്റെ ബാല്യകൗമാരങ്ങളും യൗവനവും വാർദ്ധക്യവും അതിസൂക്ഷ്മമായി വരച്ചിട്ട പുസ്തകം. പലപ്പോഴും ചുരുളഴിയാത്ത രഹസ്യം പോലെ സങ്കീർണമായ മനുഷ്യജീവിതം ലളിതമായ ഒരു അനുഭവമായി മാറുന്നു. പേരിലെന്ന പോലെ അപരിചിതത്വം തോന്നിയ ചില്ലാട്ടകല്യാണം ഒഴിച്ചാൽ കാലത്തിനനുസരിച്ചു മാറുന്ന ഗ്രാമജീവിതവും അനിവാര്യമായി തീരുന്ന ആചാരങ്ങളും ഗ്രാമീണതയുടെ മാത്രം മുഖമുദ്രയായ സഹോദര്യവും കൊടുക്കൽവാങ്ങലുകളും വയനാനുഭവം സുഖമുള്ളതാക്കുന്നു. ചില commercial സിനിമകളിൽ ഏച്ചുകെട്ടുന്ന അനാവശ്യരംഗങ്ങൾ പോലെ ആദ്യം തോന്നിപ്പിച്ചെങ്കിലും മനുഷ്യജീവിതമെന്ന യാഥാർഥ്യത്തിനോട് ചേർത്തുവായിക്കാൻ കഴിയുന്ന തരത്തിൽമാറുന്ന രതികാഴ്ചകൾ, പുരുഷ മേധാവിത്വത്തിന്റെ ഭാഗമായിരുന്നോ അയിത്തമെന്ന് ചിന്തിപ്പിച്ച ശങ്കരൻനായർ,തൊട്ടുകൂടായ്ക തന്റെ വീട്ടുപടിക്കൽ വീണുടയുന്നത് സാക്ഷ്യപ്പെടുത്തിയ കല്യാണിയുടെ വീട്ടുമുറ്റത്തെ മേൽമുണ്ട്, ശാസ്താവ് എന്ന ഐതിഹ്യത്തിനോട്‌ ചേർത്തുകേട്ട കഥയെ ഓർമിപ്പിച്ച മണികണ്ഠനും ചെറൂട്ടിയും വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസവും പ്രതികരണശേഷിയും നേടുന്ന പുഷ്പയും കുടുംബജീവിതത്തിന്റെ ഊഷ്മളത കാണിച്ചുതന്ന കനകയും തോമയും…അങ്ങനെ ഓരോ കഥാപാത്രവും മനസ്സ് കീഴടക്കുന്നു. ഒരു കഥാപാത്രമെങ്കിലും സ്വന്തം ജീവിതവുമായി ചേർത്തുവെച്ചുവായിക്കുവാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ഇടയ്ക്ക് നിർത്തിയ വായന വീണ്ടും തുടരുമ്പോൾ ഒരു പിൻവായനയുടെ ആവശ്യമില്ലാതെ മനസ്സിലിടം നേടിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും.. ലളിതമായ വായനാനുഭവത്തിലൂടെ ഒരു തലമുറയുടെ ജീവിതചരിത്രം ഓര്മപ്പെടുത്തുന്നതിൽ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്.
ഷെഫീന.എസ്
HST Phy Science
ഗവ.എച്ച്.എസ്.എസ്, പെരിങ്ങര "

 

ഈ നോവൽ വായിച്ചു പോകുവാനുള്ളതല്ല, വായിച്ച് അനുഭവിക്കാനുള്ളതാണ്.

രാജേഷ് എസ് വള്ളിക്കോട് (2024 june 24 FB )


എഴുത്തുകാർ അവരുടെ ഗൃഹാതുരത്വം മറ്റുള്ളവരിലേക്ക് പകരുമ്പോൾ പലപ്പോഴുമത് കുടം കമിഴ്ത്തി വെച്ചുള്ള ഒഴിക്കലാണ്.അതിനു തലമുറ വിടവിൻ്റെ ചിന്നിചിതറലുകളുണ്ട്. ചില്ലാട്ട കല്യാണം ഒരു കാലത്തിൻ്റെ ഗ്രാമാന്തരീഷത്തിന്റെ നേർചിത്രങ്ങളാണ്. ഇക്കാലത്ത് നിന്നുകൊണ്ട് മനസ്സിൽ ചിത്രീകരിക്കുവാൻ കഴിയാത്ത ജീവിതപരിസരത്തിൻ്റെ കഥയാണിത്.
തടസ്സങ്ങളെയൊ മറികടന്നാണ് നോവൽ നമുക അനുഭവപ്പെടുക. ചില്ലാട്ട കല്യാണത്തിന്റെ ഗ്രാമീണ അന്തരീക്ഷം നാല്, അഞ്ച് പതിറ്റാണ്ടുകൾക്കുമപ്പുറമുള്ളതാണ്. ആ തലമുറയിൽ ജീവിച്ചിരുന്നവർ വായിക്കുമ്പോൾ ഇതൊക്കെ ഞങ്ങളുടെ നാട്ടിലും നടന്ന കഥയാണല്ലോ എന്നും ഇതിലെ ചില സന്ദർഭങ്ങളി ഞാൻ പങ്കെടുത്തിരുന്നല്ലോ എന്ന ചിന്തയാണുണ്ടാവുക.ഇക്കാലത്തുനിന്ന് ഇതിനെ വായിക്കുവാൻ ശ്രമിക്കുന്നവർക്ക് തനിക്ക് മനസ്സിൽ സങ്കൽപ്പിക്കുവാൻ കഴിയാത്ത ഒരുകാലത്ത്, ഇന്നത്തെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണല്ലോ സംഭവിച്ചത് എന്ന വിസ്മയമാണ് ഉണ്ടാവുക.
മാമ്പറത്തടമെന്ന ഗ്രാമത്തിലെ അരനൂറ്റാണ്ടിനപ്പുറമുള്ള സാഹസിക ജീവിത കഥകൾ പുതിയ തലമുറയ്ക്ക് എന്താണ് നൽകുന്നതെ ചെറിയ ചിന്ത പങ്ക് വെയ്ക്കാം.
തങ്ങൾക്കില്ലാത്ത അനുഭവത്തിൻ്റെ ജീവിതപഥങ്ങളിലൂടെയുള്ള യാത്രയാണല്ലോ പലപ്പോഴും നോവലുകൾ കൈമാറുന്നത്. ചില്ലാട്ട കല്യാണത്തിലെ ഗ്രാമീണ ജീവിതം പ്രകൃതിയോട് അടുപ്പമുള്ളതാണ്. പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി ബോധത്തിന്റെയും പ്രാധാന്യം നോവൽ അനുഭവപ്പെടുത്തും.

സ്വയം പര്യാപ്തതതിയിലേക്ക് തോണി തുഴഞ്ഞ ചില്ലാട്ട കല്യാണത്തിലെ ഗ്രാമവാസികൾ തങ്ങളുടെ ജീവിതമൊരുക്കുന്നതിൻ്റെ കഥകൾ വായനക്കാർക്ക് ആത്മവിശ്വാസത്തിൻ്റെ കുടപിടിക്കും. സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീകൾ നടത്തുന്ന മുന്നേറ്റത്തിൻ്റെ ചെറുതല്ലാത്ത ചിത്രവും നോവലിലുണ്ട്.
ഇന്നത്തെ ജീവിതത്തിൻ്റെ സിലബസിൽ നിന്ന് അപ്രത്യക്ഷമാകുന്ന, സഹകരണത്തിൻ്റെ പ്രശ്നങ്ങൾ പങ്ക് വെയ്ക്കലിൻ്റെ സൗന്ദര്യം മാമ്പറത്തടത്തിൻ്റെ പൂർവകാലജീവിത സന്ദർഭങ്ങൾ നമുക്ക് നൽകും. പുരകെട്ടിമേയലിലും വീട്ടുമുറ്റത്തെ പന്തലിൽ ഒരുക്കുന്ന കല്യാണങ്ങളുടെ സംഘാടക സമിതിയായി ഗ്രാമമൊന്നാകെ മാറുന്നതിൻ്റെ
വിവരണങ്ങൾ ഇതിനുദാഹരണങ്ങളാണ്. അടുക്കളിലെ പലവ്യജ്ഞന പാത്രങ്ങൾ അക്ഷയ പാത്രങ്ങളായി മാറിയ അയൽബന്ധത്തിൻ്റെ സ്നേഹ സൗഹൃദങ്ങൾ ഇന്ന് ഷോപ്പിംഗ് മാളുകളിൽ അവസാനിക്കുന്നതും കണ്ടറിയാം
മാമ്പറത്തടത്തിലെ കർഷകരും തൊഴിലാളികളും തങ്ങളുടെ ഓരോ ദിവസവും ജീവിതം തള്ളി നീക്കാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻ്റെ ഗാഥകൾ നമുക്ക് ഇതിൽ വായിക്കാം
മാമ്പറത്തടത്തിലെ ഗ്രാമീണർ പാരമ്പര്യമായ പിൻതുടർന്ന ആചാരങ്ങളുടെയും സംസ്‌കാരത്തിൻ്റെയും പരാഗരേണുക്കളിൽ പുതിയ കണ്ടുപിടുത്തങ്ങൾ വരുത്തിയ മാറ്റങ്ങൾ നോവലിലെ മിന്നലാട്ടങ്ങളാണ്
അവരുടെ തനതായ മരുന്നുകളിൽ ചികിത്സാ രീതികളിൽ, കൃഷി രീതികളിൽ കാലം വരുത്തിയ മാറ്റം അതിലൂടെ വായനക്കാരനിലെത്തുന്നു.
ആ കാലഘട്ടത്തിലെ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഗ്രാമീണ ജീവിതങ്ങളുടെ കഥയാണിത്.
സന്തോഷവും സങ്കടങ്ങളും രതിയും കാൽപ്പനികതയുമൊക്കെ നോവലിന് വ്യത്യസ്തമായ വായനാനുഭവം നൽകുന്നു.
ചില്ലാട്ടകല്യാണം
ഡോ. ടി.പി കലാധരൻ

ചിന്തയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിപരീതങ്ങളുടെ ആനന്ദദേശം

വി എസ് ബിന്ദു
"പാലം
പ്രാവിൻ്റെ ചിറകടി നെല്ലിൻ പൂക്കൾ
ജല നാളിയുടെ ശബ്ദം കടുകിൻ പൂക്കൾ
ആഹ്ളാദങ്ങളാരംഭിച്ചതവിടെയാണ്
ഇവയാണ് എല്ലാ സ്നേഹത്തിലേക്കുമുള്ള
പാലങ്ങൾ ......
അമ്മ പറഞ്ഞു. "
( നിർമൽ പ്രഭാ ബർദൊളൊയ് ... അസ്സമിയ )
വിവർത്തനം ... സച്ചിദാനന്ദൻ
നദീതട സംസ്കാരങ്ങളുടെ സവിശേഷ ജീവിതാനുഭവങ്ങളാണ് ലോകത്തെ പല തരത്തിൽ മാറ്റിത്തീർത്തത്.
ഭാഷയും തൊഴിലും ഭക്ഷണവും സഞ്ചാരവും ഭൗതികമായും പ്രണയവും വിരഹവും കാമവും അറിവും അമൂർത്തമായും അവിഷ്കരിക്കപ്പെട്ടു.

രോഗവും ദാരിദ്ര്യവും മരണവും കൂട്ടുയാത്രക്കാരെന്ന ബുദ്ധ വിചാരത്തിൻ്റെ ഉൾവഴക്കങ്ങളിൽ കാലത്തെ അളന്നു കുറിക്കുന്നവർ. മനുഷ്യപ്പരപ്പിൻ്റെ കോപതാപങ്ങൾക്കിടയിൽ പുഴകളും ആറുകളും തോടുകളും നീർച്ചാലുകളും പിറന്നു. മനുഷ്യരുടെ ആർത്തി നിറഞ്ഞ മനസ്സോളം ഭയക്കേണ്ട മറ്റൊന്നുമില്ലെന്നു ഒഴുകിയൊഴുകി ഒടുവിൽ തേഞ്ഞു തീരുവോളം അവ പറഞ്ഞു പോയി. പുഴയെഴുത്തിൽ നിന്ന് ഓർമ കൊണ്ടുണർത്തിയെടുക്കാൻ വന്നവരിൽ പുതിയവരും പഴയവരുമുണ്ടായി. അങ്ങനെയാണ് ടി.പി. കലാധാരൻ എഴുതിയ. ചില്ലാട്ടക്കല്യാണങ്ങൾ എന്ന നോവലിലെ
ആദ്യ വരി " നമ്മളിൽ ഓർമ വലയങ്ങൾ തീർക്കുന്ന മരങ്ങൾ കുറച്ചേ കാണൂ " എന്നാകുന്നത്.
പ്രപഞ്ചത്തിൻ്റെ സ്വപ്ന സഞ്ചയമാകുന്ന മരങ്ങളിൽ ദേശ കാല ചരിത്രങ്ങളുടെ മുദ്രകളുണ്ടാകും. കുറ്റിയറ്റു പോകുന്തോറും മുറ്റുന്ന ഓർമകളായി അവ മാറും . വെറും ഓർമകളുടെ കഴുകി ഉണക്കലല്ല .സമചിത്തതയോടെയുള്ള ജീവിത ലംഘനമാണത്. കരിഞ്ചുവപ്പിൻ്റെ രക്ത നിലത്ത് ആണ്ടുകൾ കൊണ്ട് എഴുതിയിടുന്ന ദേശചരിത്രത്തിലെ ഒന്നാം ജീവിത വായന അപ്പോൾ കടുത്ത രുചിയിൽ മനസ്സിനെ പൊള്ളിക്കും.
1960 കളിൽ കേരളത്തിലെ മലയോര ഗ്രാമങ്ങളിലെ പാവപ്പെട്ട മധുരമനുഷ്യർ മണ്ണിനോടും മൃഗങ്ങളോടും പ്രകൃതി വഴക്കുകളോടും തോൽക്കാതെ യുദ്ധം തുടർന്നതിന് രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിൻബലമുണ്ട്. കിടപ്പാടത്തിലും കൃഷിയിടത്തിലുമുള്ള അവകാശത്തെ കവരാൻ ഓരോ കാലത്തെയും പ്രതാപി വർഗങ്ങൾ സ്വീകരിക്കുന്ന അധാർമികമായ പിടിച്ചടക്കലും തൂത്തെറിയലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ജാതിപ്പോരുകളും പരദേശികളുടെ വരവും ഭൂസമരവും കൊണ്ട് കാലുറയ്ക്കാത്ത ജനതയുടെ സാംസ്കാരിക പ്പോരാട്ടമായിരുന്നു അവരുടെ അതിജീവനം. കിളച്ചും കറന്നും വിറ്റും പെറുക്കിയും കൊന്നും രക്ഷിച്ചും കലഹിച്ചുമുള്ള ജീവിതങ്ങൾ

ഭാഷയുടെ അതിസാധാരണമായ കടന്നു പോക്കിലൂടെ കലങ്ങി മറിയുന്ന
ഈ നാട്ടുശാസ്ത്രത്തിലെ ചില്ലയാട്ടം ഇപ്പോൾ നാം ശീലിച്ചു പോരുന്ന മലയാളനോവൽ വായനയിൽ ഒരു ഗതിമാറ്റം സംഭവിപ്പിച്ചിരിക്കുന്നു.. ഭാവുകത്വപരമായി ഈ രചന ആരെയും ഒന്നിനെയും പിൻപറ്റുന്നില്ല എന്നതും മനുഷ്യർക്ക് അന്യമായി ഒന്നുമില്ല എന്ന പ്രഖ്യാപനവും തന്നെയാണ് നോവലിനെ വേറിട്ടതാക്കുന്നത്. യുക്തിയും യുക്തിരാഹിത്യവും നൽകുന്ന സൗന്ദര്യബോധത്തെ മാനവികതയുടെ സാമൂഹിക അടിത്തറയിൽ നിന്നു കൊണ്ട് നോവൽ നിർവചിക്കുന്നു. സത്യാനന്തര കാലത്തിൻ്റെ സംവാദ പരിമിതികളെ അതു അപാരമ്പര്യത്തിൻ്റെ അവധാനതയോട് കൂട്ടിച്ചേർക്കുന്നു.
കണക്കാണെ ഇല്ലാതാക്കിയ കുന്നുകളെപ്പോലെ ഉടലിൽ കത്തി പായുമ്പോൾ ഉൻമാദമൊഴുക്കുന്ന വെട്ടു മരങ്ങളായി മനുഷ്യപ്പറ്റം. . അവരുടെ ആദിബോധത്തിലേ ആത്മാർഥതയുടെ സ്വച്ഛ നീലിമയുണ്ട്. ആൺകോയ്മയുടെ ചുടലി മുള്ളുകൾ കുത്തി പഴുത്തു വിങ്ങുന്ന പെൺ ജീവിതങ്ങൾ ചുട്ട മണ്ണിൻ്റെ നിറമെടുപ്പോടെ സ്വയം തിളപ്പിച്ച വേവു കലങ്ങളായി .അവർ രൂപീകരിച്ച സിദ്ധാന്തങ്ങളുടെ പ്രയോഗ മാതൃകകൾ അങ്ങനെ കൊച്ചാട്ടനും എളേതും മൂത്തതും ഇച്ചേയിയും അച്ചാച്ചനുമൊക്കെയായി നാടിൻ്റെ നാനാഭാഗത്തും ചരിത്ര സംഭവങ്ങളുടെ തൂണുറപ്പിച്ചു.
വേരുകളെയും ഇലപ്പൊടിച്ചിലുകളെയും ബന്ധിപ്പിക്കാനെന്ന പോലെ ജൻമം കൊണ്ട മറ്റൊരു ഭാഷയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ആത്മാന്വേഷണപരമായ ആഹ്ളാദങ്ങൾ നോവലിൽ നേരിടുന്നതിനൊപ്പം ഗ്രാമജീവിതങ്ങളെ പ്രശ്‌നവൽക്കരിക്കുന്നിടത്ത് ആധിയുടെ പാഠഭേദങ്ങളുമുണ്ട്. കനകയും ലളിതയും ശങ്കരിയും സരോജിനിയും കല്യാണിയും ദേവകിയും പുഷ്പയുമടങ്ങുന്ന പാറക്കരുത്തുള്ള പെണ്ണുങ്ങളെ അവരുടെ ചാവു നിലങ്ങളിൽ നിന്ന് പറിച്ചെടുത്ത് വിളയിച്ചെടുത്ത് നിറവറിയിക്കുന്ന എഴുത്ത്. മൂരിയവറാനിലൂടെ നിവർന്നു നിൽക്കുന്ന വർദ്ധിത സങ്കടങ്ങളുടെ നോവൽ ശരീരം. റേഡിയോയും പള്ളിക്കൂടവും ചേർന്ന വിവര സാങ്കേതിക വിപ്ലവം നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന മാറ്റത്തിൻ്റെ സാമൂഹികാനന്ദം. "പിള്ളാർക്കിഷ്ടമുള്ളതേ പള്ളിക്കൂടത്തിലുണ്ടാവു " എന്ന ഉറപ്പോടെ പണിതുയർത്തിയ അക്ഷരക്രമം. കഥയും കവിതയും നാടൻ ശീലുകളുമൊക്കെ ഇണക്കിച്ചേർത്തുള്ള രചനാരീതി വൃഥാലങ്കാര ഭയമില്ലാതെ മുന്നേറുന്നു. എഴുത്തുകാരൻ സൂചിപ്പിക്കുന്ന കൽപ്പിത വൃത്താന്തങ്ങൾക്കിടയിൽ ഇവയെല്ലാം ആധുനികതയുടെ ഇടപെടലിൽ വ്യത്യസ്തത പുലർത്തിയ പ്രാദേശിക ചരിത്ര ഭാവനയുടെ ബഹുലതയെ വഹിക്കുന്നു. നോവലിൻ്റെ ഏകാഗ്രത വർധിപ്പിക്കുന്നതിൽ ഈ പ്രക്രിയയ്ക്ക്

പ്രത്യേക സ്ഥാനമുണ്ട്. നിരോധിച്ചിട്ടും ഇല്ലാതാക്കാൻ കഴിയാത്ത ജാതി മതാന്ധതകളും സ്ത്രീ വിരുദ്ധതയും കൊളോണിയൽ ആത്മീയതയും ജന്മിത്തബോധവും എങ്ങനെയാണ് മനുഷ്യ വിരുദ്ധമാകുന്നതെന്നും നോവൽ പറയുന്നു. ലൈംഗികതയുടെ സ്വത്വ നഷ്ടം സംഭവിക്കുന്ന ഇടങ്ങളെയും ഉടൽ പാച്ചിലുകളേയും ഉൻമാദത്തിൻ്റെ ഉലച്ചിലുകളെയും ആഖ്യാനത്തിൽ ചുറ്റിത്തിരിയുന്ന കൊടുങ്കാറ്റ് കൊമ്പിൽ കോർത്തു ചുഴറ്റവേ ചുനയുള്ള ഭാഷ നാം കാണുകയാണ് . ചിലപ്പോൾ ഗ്രാമം വലിയ ഒരെലിക്കെണിയായി.
പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടതും വിദ്യകൊണ്ടു പ്രബുദ്ധരാകാൻ ശ്രമിച്ചവർ നേരിട്ട അതിക്രമങ്ങളും പറയുന്നതിനൊപ്പം റേഡിയോ, വാച്ച്, ടോർച്ച് എന്നിങ്ങനെ വെളിച്ചവും ശബ്ദവും കടന്നു വന്നപ്പോഴുണ്ടായ മാറ്റം വികാസവൃക്ഷത്തിൻ്റെ ശാഖോപശാഖകളായി പടർന്നു പന്തലിക്കുന്നു. രതിയുടെ പാലകൾ പൂക്കുന്ന നാട്ടുവഴികളിൽ കാമം വിങ്ങി വിയർക്കുന്നതിൻ്റെ കനൽച്ചൂട് .തോമയും സുശീലനും കുമാരനും ശങ്കരൻ നായരും സിദ്ധബാലനും സുമനുമുൾപ്പെടെ അനിയന്ത്രിതങ്ങളായ അനേകം ജീവകോശങ്ങൾ.
സ്ഥാനഭ്രംശം വന്നു പോയതോ തമോഗർത്തത്തിൽ പെട്ടു പോയതോ ആയ മനുഷ്യരുടെ സ്ഥിതിവിവരമല്ലാതെ അവർക്കായി ഒരുക്കുന്ന ഭൂമിയിൽ ഈ നോവൽ സൃഷ്ടിക്കുന്ന സംഗരത്തെ സർഗാത്മകതയുടെ ശൈലീ ഭേദമായി തിരിച്ചറിയണം. പഴയോലയും തളപ്പും പെട്രോമാക്സും പടർപ്പു വള്ളികളും മരിച്ചതിനു ശേഷവും ജീവിക്കുന്നവയുമുള്ള ദേശത്തെയാകെ മാറ്റത്തിൻ്റെ സംഘർഷങ്ങൾ വേവലാതിപ്പെടുത്തുകയും കീഴ്പ്പെടുത്തുകയും ചെയ്യുകയാണ്. ആഗോളീകരണത്തിൻ്റെ ശീതളച്ഛായയിലെ ആദ്യത്തെ ഇരകൾ ഓന്തു ശശിയോടൊപ്പം നാടുവിടുന്ന പെൺമക്കളാണ്. ശബരിമലയുടെ ഭൂപടത്തിൽ അടയാളപ്പെടുന്നവരും അമ്മത്തെങ്ങുകളായി കാവൽ നിൽക്കുന്നവരും ചേർന്ന് രൂപപ്പെടുത്തുന്ന പ്രാദേശികതയുടെ തൽ സ്വരൂപത്തിൽ കൊച്ചു കൊച്ചു
ജീവിതങ്ങൾ അട വച്ചു വിരിയുന്നതിൻ്റെ നിഴൽ നിലാവ് തളം കെട്ടുന്നു. കേൾവിയുടെ പ്രമാണങ്ങളും സാക്ഷ്യപ്പെടുന്നതിൻ്റെ യാദൃച്ഛികതയും ഏറ്റുമുട്ടുന്നതിൻ്റെ കനകമയമൃഗഭീതിയിൽ ഇരുട്ടത്തേക്കിറങി നടക്കുന്നവരെല്ലാം വെളിച്ചത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നവരായി മാറുന്നു. മനുഷ്യരെയും പ്രകൃതിയെയും അധീനപ്പെടുത്താൻ പുത്തൻ കെണികളൊരുക്കുന്ന ,അതിൽ പെട്ടു പോകുന്ന ആർക്കും നേരിടേണ്ടി വരുന്ന ഒരു സങ്കീർണ ലോകത്തെ നോവൽ വഹിക്കുന്നുണ്ട്. വ്യഥകളുടെ അന്ത: ക്ഷോഭമുണർത്തുന്ന അനുഭൂതി നിർണയമാണ് നോവലിൻ്റെ അടിസ്ഥാനം.
പഴയതും പുതിയതുമായ സ്വാതന്ത്ര്യത്തിൻ്റെയും ഏകാന്തതയുടെയും ആത്മഭാഷണം. "

( ചിത്രത്തിൽ കാണുന്നതാണ് ചില്ലാട്ട കല്യാണത്തിൻ്റെ ദേശം)

ഓർമ്മവലയങ്ങൾ തീർക്കുന്ന എഴുത്ത്

ശ്രീലക്ഷ്മി ജി.
കലാകൗമുദി വാരിക (2024 ജൂലായ് 14 - 21)
 
ഡോക്ടർ ടി.പി കലാധരൻ എഴുതിയ ചില്ലാട്ട കല്യാണം എന്ന പുസ്തകം വേറിട്ട വായന അനുഭവം പ്രദാനം ചെയ്യുന്ന പുസ്‌തകമാണ് മാമ്പാറത്തടം എന്ന പ്രദേശത്തിന്റെ ഇതിഹാസം എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. തനി നാട്ടിൻപുറത്തുകാർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതവും അവരുടെ സ്വപനങ്ങളും മോഹങ്ങളും സ്വപ്നഭംഗങ്ങളും ഒക്കെ കലർന്ന കഥ. ഇതിൽ ചരിത്രമുണ്ട് കെട്ടുകഥകൾ ഉണ്ട് പുരോഗതിയുടെ നാൾവഴികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രണയവും രതിയും നീതിയും നീതികേടും രാഷ്ട്രീയവും കുറ്റാന്വേഷണവുംഎല്ലാം ഉണ്ട്. എഴുത്തുകാരൻ തന്നെ ഭാഷയിൽ പറഞ്ഞാൽ “വഴി കണ്ടെത്തലിന്റെ കഥയാണിത് ഒപ്പം വഴി പിരിയലിന്റെയും" 
വഴി തെറ്റുന്നവരും വഴിയൊഴിയുന്നവരും സ്വന്തം വഴി കണ്ടെത്തിക്കോളും" എന്ന ഓർമ്മപ്പെടുത്തലും ഈ പുസ്‌തകത്തിലുണ്ട്. 

പറങ്ങാമ്പഴത്തിൽതുടങ്ങി നിഴൽ നിലാവിൽ അവസാനിക്കുന്ന 45 അധ്യായങ്ങൾ. 
275 പേജുകൾ 
ഗൃഹാതുരസ്‌ര ണകൾ ഉണർത്തുന്ന കുറേയേറെ ചിത്രീകരണങ്ങൾ നിറഞ്ഞ ഒന്ന് ഇതിലൊക്കെ ഉപരിയായി മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഒറ്റ വായനയിൽ പൂർണ്ണവിരാമം ഇടാൻ തോന്നിക്കാത്ത ഒരു പുസ്തകമാണിത് ഓരോ പുനർവായനയും പുതിയ പുതിയ വായനയായി മാറുന്നു. 
പുതിയ കണ്ടെത്തലുകളും ആസ്വാദനങ്ങളും ഉണ്ടാവുന്നു. പുസ്‌തകം വീണ്ടും പുതുപുത്തനായി മാറുന്ന മാന്ത്രികത നമ്മെ അദ്ഭുതപ്പെടുത്തും.

ഭാഷയുടെ സൗന്ദര്യം

ഇതിലെ ഭാഷ അതിലേറെ ഹൃദ്യവും. കാവ്യാത്മക തയുടെ അനുരണനങ്ങൾ ഓരോ വരിയിലും നമുക്ക് കേൾക്കാൻ കഴിയും. ചിലയിടങ്ങളിൽ വാക്കുകൾ അർത്ഥത്തിന്റെ കനം കൊണ്ട് വളരെ പക്വമായി നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടും. ഒരു കവിതയിൽ എന്നതുപോലെ ബിംബങ്ങളും അലങ്കാരങ്ങളും ഒക്കെ നിറഞ്ഞ ഭാഷ പക്ഷേ ഒന്നും അധികപ്പറ്റായി നമുക്ക് കാണാനും കഴിയില്ല. ഉദാഹരണമായി ഈ വരികൾ നോക്കൂ. മഴ ക്കാലത്തേക്ക് കൂട നിവർത്തിയ വൃക്ഷത്തെ പോലെ നാട്ടിൽ മാറ്റങ്ങൾ തളിർക്കുകയായിരുന്നു.

മറ്റൊരു വരി ഇങ്ങനെയാണ്

"മരവുമായി സഹവസിച്ച കാലത്തിന്റെ ഇലയയോ
തണ്ടോ വേരോ ഒന്ന് പൊട്ടിച്ചാൽ മതി ഓർമ്മകളുടെ തേൻകറ ഊറുകയായി- ഓർമ്മകളുടെ തേൻകറ ഊറുന്നു എന്ന പ്രയോഗം എത്ര ധ്വന്യാത്മകമാണ്

ഭാഷയുടെ മറ്റൊരു പ്രത്യേകത ഇതിലെ ചിത്രീകരണത്തിനുള്ള സാധ്യതകളാണ്. വായനക്കാരന്റെ മനസ്സിൽ വാക്കുകൾ കൊണ്ട് ചിത്രം വരച്ചിടാൻ എഴുത്തുകാ രന് നന്നായി കഴിയുന്നുണ്ട്. അതിന് ഉദാഹരണങ്ങൾ ഈ പുസ്ത‌കത്തിൽ ധാരാളമാണ്. ചിത്രകലയോടുള്ള എഴുത്തു കാരൻ അതിയായ താത്പര്യം ആകാം ഒരുപക്ഷേ ഇത്തരം ഒരു സാധ്യത തെളിഞ്ഞു വരുന്നതിന് കാരണമായത്.


"മുറ്റത്ത് കമുകിന്റെ ചുവട്ടിൽ കരി പിടിച്ച ഒരു വലിയ മൺകലം അല്പം ചരിഞ്ഞിരിപ്പുണ്ട് എന്നോ പെയ്ത മഴയുടെ തുള്ളികൾ വീണ് മണ്ണ് തെറിച്ച് അടിഭാഗത്ത് ചുറ്റിനും അമൂർത്ത ചിത്രീകരണവുമായി. ഒരു ഓലത്തുഞ്ചാണി കമുകിനെ പൊത്തി കെട്ടി പിടിച്ചിട്ടുണ്ട്.
ഈ വരികൾ വായിക്കുമ്പോൾ അതിലെ ഓരോ ദൃശ്യവും നമ്മു ടെ മനസ്സിൽ ചിത്രമായി മാറുന്നു.

കഥാപാത്ര സൃഷ്ടി

നിരവധി കഥാപാത്രങ്ങൾ വന്നുപോകുന്ന ഒരു കഥ യാണിത്. ചിലർക്ക് കഥയിൽ നിർണായകമായ സ്ഥാനമുണ്ട് മറ്റു ചിലരാകട്ടെ മിന്നായം പോലെ പോകുന്നവർ മാത്രം. പക്ഷേ അവർ എത്ര സമയം ഈ കഥയിൽ ഉണ്ട് എന്നുള്ളതിലല്ല കാര്യം. എത്രത്തോളം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് എഴുത്തുകാരന്റെ മഹിമയും കയ്യടക്കവും വ്യക്തമാവുന്നത്.

ഒറ്റ വായന കഴിയുമ്പോഴേക്കും ഇതിൽ കുറെ കഥാപാത്രങ്ങൾ നമ്മുടെ സ്വന്തമായി മാറിയിട്ടുണ്ടാകും. തോമയും സിദ്ധിബാലനും സുരയും മൂരി അവറാനും അരുണനും സുശീലനും പ്രകാശനും അച്യുതനും ശങ്കരൻനായരും വസന്തൻനായരും ഒക്കെ "ഇതിൽ തന്നെ ആദ്യന്തം കഥയെ നയിച്ചു കൊണ്ടിരിക്കുന്ന ആളാണ് തോമ. ഒറ്റപ്പെടലിന്റെ ഒഴിയാബാധ പിൻതുടരുന്ന കഥാപാത്രം. കനകയുടെ സ്നേഹ സാമീപ്യത്തിൽ ജീവിതം കനകമ യമാക്കി മാറ്റിയ പുരുഷൻ. എന്നാൽ പുരുഷ കഥാപാത്ര ങ്ങളെക്കാൾ ഇതിലെ സ്ത്രീ കഥാപാത്രങ്ങളാണ് ഏറെ
മിഴിവുറ്റവരായി തോന്നിയത്.

പെണ്ണിൻറെ നോവും നൊമ്പരങ്ങളും സ്വ‌പ്നങ്ങളും എല്ലാം ഈ നോവലിന് കൂടുതൽ അഴക് പകരുന്നു.കനകയും കല്യാണിയും മാലതിയും പുഷ്‌പയും ലളിതയും സരളയും ഒക്കെ.

മൺപാത്രത്തെ പറ്റി പറയുന്ന ഒരു സന്ദർഭത്തിൽ എഴുത്തുകാരൻ പറയുന്നത് ഇങ്ങനെയാണ്. "ചുട്ട മണ്ണിൻ്റെ നിറമെടുത്തു വീട്ടിൽ വലതുകാൽ വെച്ച് കയറി. കരിയും എച്ചിലും പിടിക്കാനായി"

പഴയകാല കഥകളിലെ മാത്രമല്ല ജീവിതങ്ങളിലെയും സ്ത്രീകഥാപാത്രങ്ങളെ ഇതിലും ഭംഗിയായി എങ്ങനെ പരാമർശിക്കാനാണ്. 'ഇരുള ടഞ്ഞുപോയ പെൺ ജീവിതത്തിന്റെ അറിയാക്കഥകളിലേക്കുള്ള ഒരു ടോർച്ചടിക്കലാണ് ഈ നോവൽ തന്നെ.

ശങ്കരൻ നായരുടെ ഭാര്യയെ പറ്റി പറയുമ്പോൾ ഇങ്ങനെ ഒരു പരാമർശം ഉണ്ട് "ശങ്കരൻ നായരുടെ ഭാര്യയ്ക്ക് ഒരു പേരുണ്ടായിരുന്നു" പേരു ണ്ടായിരുന്നു എന്ന പരാമർശത്തിൽ നിന്ന് തന്നെ ഇപ്പോൾ അവർക്ക് സ്വന്തമായി പേരുപോലും ഇല്ലാത്തവൾ ആയി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കാം ചാർത്തപ്പെട്ടിരിക്കുന്ന ശങ്കരി എന്ന പേരിൽ അവർ അഭിമാനിക്കുന്നു എന്ന് നമുക്ക് തോന്നിപ്പോവുകയും ചെയ്യും.ശങ്കരിയെ പറ്റി പറയുമ്പോൾ തന്നെ ഒരു സ്ത്രീ അവളുടെ വീടിനുള്ളിൽ അനുഭവിക്കുന്ന ആ ഇത്തിരി വട്ടത്തിലെ ഒത്തിരി കുറക്കങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് ശങ്കരിക്ക് സമയം ഇഷ്ടത്തിനുണ്ട്. "കാ പ്പിക്കുരു വറുത്തത് ഉരലിലേക്ക്വിളിക്കും. ചക്കയ്ക്കുള്ള അരപ്പ് അരകല്ലിലേക്ക് വിളിക്കും. ഇങ്ങനെ തുടങ്ങുന്നുആ വരികൾ.

ചെറുതായി പോകുന്ന സ്ത്രീ ലോ കത്തിന്റെ വലുപ്പം ഇവിടെ വരച്ചിട്ടിരിക്കുകയാണ് എന്നാൽ ശക്തമായ സ്ത്രീ സാന്നിധ്യമായി വളർന്നു പന്തലിക്കുന്ന കനക നിഴലും നിലാവും ചേർന്ന ജീവിത വഴിയിൽ എത്ര ഗരിമയോടെയാണ് നിൽക്കുന്നത്. ഒടുവിൽ വിട പറയുമ്പോഴും നമ്മിൽ ഒരു നേർത്ത മഴനാദമായി കനക പെയ്തിറങ്ങുന്നു. മരിച്ചിട്ടും മരിക്കാത്ത കനക. പുഷ്‌പ എന്ന മകൾ മിടുമിടുക്കിയായി തെളിഞ്ഞുനിന്നെങ്കിലും. പ്രതികരണശേഷികൊണ്ട് എല്ലാവരെയും ഞെട്ടിച്ചെങ്കിലും. വിവാഹത്തോടെ ആ കഥാപാത്രം തീരെ നിറം കെട്ടവളായി മാറുന്നതും കാണാം.സ്വന്തം ഉദരത്തിലെ ജീവന്റെ തുടിപ്പിനെ മറ്റുള്ളവർക്ക് വേണ്ടി ഇല്ലാതാക്കുന്ന പുഷ്‌പ എന്ന കഥാപാത്രത്തിന്റെ മാറ്റം നമ്മെ ഞെട്ടിക്കും എന്തുകൊണ്ട് കരുത്തുറ്റവൾ ദുർബ ലയായി എന്ന് ചോദിച്ചു പോകും ജീവിതയാഥാർത്ഥ്യ ങ്ങളുടെ നേർസാക്ഷ്യം അങ്ങനെ ആവാനേ പുഷ്പയെ അനുവദിക്കുകയുള്ളൂ എന്നതാണ് നാം അറിയുന്നത്.

കുട്ടികളുടെ ലോകം

നോവലിലെ കുട്ടികളുടെ ലോകമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. കുട്ടികളുടെ മനസ്സ് തൊട്ടറിയുന്ന ഇതിന്റെ രചയിതാവിന് ഇങ്ങനെയൊക്കെയേഎഴുതാൻ
സാധിക്കുകയുള്ളൂ. കുട്ടിക്കൗതുകങ്ങളുടെ വിശാലലോകം മിന്നാമിനുങ്ങുകളെ പിടിച്ച് ഓമണ്ടിൽ ഇട്ട് കളിക്കു ന്നവർ! സ്വന്തം ശരീരത്തെ വിനോദ ഉപാധിയാക്കി മാറ്റുന്ന ബാല്യം 'പെട്രോമാക്‌സിനെയും ബസ്സിനെയും ഒക്കെ കൗതുകത്തോടെ നോക്കുകയും സ്വയം വണ്ടിയായി മാറുകയും ചെയ്യുന്ന കുഞ്ഞുമക്കൾ, കലം പുഴ യിലേക്ക് ഇറക്കിക്കൊണ്ട് അവർ നടത്തുന്ന പരീക്ഷണ ക്കളികൾ നിറഞ്ഞ കൗതുകത്തോടെ, ഊറി വരുന്ന പുഞ്ചിരിയോടെ മാത്രമേ നമുക്ക് വായിക്കാൻ കഴിയൂ കയുള്ളൂ. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്ന വിദ്യാഭ്യാസ വിദഗ്ധനായ കലാധരൻ മാഷിനെ നമുക്ക് ഒളിഞ്ഞും തെളിഞ്ഞും കാണാനുള്ള അവസരം ഇവിടെയുണ്ട്. അക്ഷരാവതരണവും ആശയാവതരണവും തമ്മിലുള്ള വ്യത്യാസം കുട്ടികളുടെ പക്ഷത്തുനിന്ന് വിശകലനം ചെയ്യുന്നുണ്ട്. ആശാന്റെ മരണം സ്വപ്നം കണ്ടുറങ്ങിയ കുട്ടികളുടെ അവസ്ഥ എത്രഭീതിദമാണ് എന്ന് കാട്ടിത്തരുന്നുണ്ട്. ഗംഗാധരൻ മാഷ് എന്ന നല്ല അധ്യാപകനെ പറ്റി പറയുമ്പോൾ എലികൾ എന്ന അധ്യായത്തിൽ അദ്ദേഹം ഉണ്ടാക്കിയ ഒരു പാഠം അവതരിപ്പിക്കുന്നുണ്ട്.

അമ്മ പെട്ടി തുറന്നു ...

അമ്മ പെട്ടിയടച്ചു.

എലി അതിൽപ്പെട്ടു

ഇങ്ങനെയാണ് ആ പാഠം. അക്ഷര പുനരനുഭവം ഒരുക്കിക്കൊണ്ട് എത്ര മനോ ഹരമായി സാഹചര്യത്തിനങ്ങിയ ഒരു പാഠം അവിടെ രൂപപ്പെടുത്തിയിരിക്കുന്നു". ഒരു മാസത്തിനുശേഷം വരേണ്ട എലി യെ സാർ ക്ലാസിൽ തുറന്നു വിട്ടു എന്ന് പരാമർശം തീർച്ചയായും ചിന്തോ ദ്ദീപകമാണ്. ടിടിസി കോഴ്സിന്റെ ചില പ്രത്യേകതകൾ ഇതിൽ പരാമർശിച്ചു പോകുന്നുണ്ട്.

ഓർമ്മയിൽ നിന്നും ഓർമ്മകളിലേക്കും ചിലപ്പോഴൊക്കെ അനിവാര്യമായ മറവിയിലേക്കുമുള്ള യാത്രയാണ് ഈ പുസ്ത‌കം എന്ന് വിലയിരുത്താൻ എനിക്ക് തോന്നിപ്പോകുന്നു. നന്മയുടെ വലിയ പാഠങ്ങൾ നമുക്കിടയിലുണ്ട് എന്ന് കാട്ടിത്തരിയു കയാണ് ഈ പുസതകം. 'പലപ്പോഴും ഇതിലെ കഥാപാത്രങ്ങളെ അളക്കുവാൻ നമ്മുടെ കൈയിലുള്ള സ്കെയിലുകളും ഉപകരണങ്ങളും പോരാതെ വരുന്നു. തികയാതെ വരുന്നു.കാരണം അവർ മറ്റെന്തിലും ഉപരി മനുഷ്യരാണ് എന്നതുതന്നെ. 'അങ്ങനെ ഒരു കൂട്ടം മനുഷ്യരുടെ കഥ അതിഭാവുകത്വങ്ങളോ വളച്ചു കെട്ടലുകളോ ഇല്ലാതെ ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. പ്രിയപ്പെട്ട കവി സചീന്ദ്രൻ മാഷ്, ഡോക്ടർ ടി പി കലാധരൻ സാറിനെ പറ്റി പറയുമ്പോൾ അദ്ദേഹത്തിൻറെ പ്രവർത്തന മികവുകളെ പറ്റി പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കാണ് കലാധരസ്‌പർശം. ആ കലാധരസ്‌പർശത്തിന്റെ പൂർണമായ നേർസാക്ഷ്യമാണ് ചില്ലാട്ടുകല്യാണം എന്ന ഈ നോവൽ. വായിക്കുന്നവർ ഹൃദയത്തോട് ചേർത്ത് വയ്ക്കുമെന്ന് ഉറപ്പാണ്. മഴയ്ക്ക് ശേഷമുള്ള മരപ്പെയ്ത്ത് പോലെ വായനയ്ക്ക് ശേഷവും വായിച്ച കഥ മനസിൽ പെയ്തു കൊണ്ടേ ഇരിക്കും